വസ്തുക്കളുടെ ലഭ്യതക്കുറവും വിലവർധനയും; അടിത്തറ തകർന്ന് നിർമാണമേഖല
text_fieldsകോട്ടയം: കരാറുകാരെയും ഉപഭോക്താക്കളെയും തളർത്തി നിർമാണമേഖലയിലെ പ്രതിസന്ധി. അനുബന്ധ വസ്തുക്കളുടെ ലഭ്യതക്കുറവും വിലവർധനയും ഒരു വീടെന്ന സ്വപ്നം കാണുന്ന സാധാരണക്കാരന് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ജി.എസ്.ടി ഇളവുകൾക്ക് ശേഷം സിമന്‍റിന്‍റെയും സ്റ്റീലിന്‍റെയും വിലയിൽ ചെറിയതോതിൽ ഇളവ് ലഭിച്ചെങ്കിലും മറ്റ് എല്ലാ നിർമാണ സാമഗ്രികളും പഴയതുപോലെ വിലക്കയറ്റത്തിലാണ്.
പി.വി.സി, വയർ സാമഗ്രികൾ, പെയിന്‍റ്, ടൈൽ, പ്ലമ്പിങ് ഉൽപന്നങ്ങൾ തുടങ്ങി ആവശ്യസാധനങ്ങളുടെ വില കുറഞ്ഞിട്ടില്ല. തൽഫലമായി വീട് പണിയാൻ ശ്രമിക്കുന്നവർക്ക് ചെലവുകൾ നിയന്ത്രണാതീതമാകുന്ന അവസ്ഥയിലാണ്. ജി.എസ്.ടിയിലെ ഇളവ് പ്രകാരം ആകെ വിലക്കുറവ് വന്നിരിക്കുന്നത് കമ്പി, സിമന്‍റ് എന്നിവക്ക് മാത്രമാണ്. പി. സാൻഡ്, എം. സാൻഡ് എന്നിവക്ക് ഇപ്പോഴും വിലവർധനയും ലഭ്യതക്കുറവുമാണ്.
കൂത്താട്ടുകുളം, കടുത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിലെ ക്വാറികൾ പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവർത്തിക്കാനാവാതെ നിലച്ചിരിക്കുകയാണ്. ഇതോടെ എം.സാൻഡ്, ടി. സാൻഡ് ലഭ്യത കുറവാണ്. കൂത്താട്ടുകുളത്തിൽനിന്നാണ് ഇപ്പോൾ ജില്ലയിലേക്ക് മണൽ എത്തിക്കുന്നത്. കഞ്ഞിക്കുഴി, ഏറ്റുമാനൂർ, ഗാന്ധിനഗർ, കുമാരനല്ലൂർ, ചെങ്ങളം എന്നിവിടങ്ങളിലെ യാർഡുകളിലേക്ക് കൊണ്ടുപോകുന്ന ട്രക്കുകൾക്ക് ഇരട്ടി ചെലവാണ് വരുന്നത്. കൂടാതെ, മുമ്പ് 40ഓളം ക്വാറികൾ ജില്ലയിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വിരലിലെണ്ണാവുന്ന സംഖ്യയായി ചുരുങ്ങി.
പാറപ്പൊടി ഉപയോഗം കുറഞ്ഞതും ഹോളോ ബ്രിക്‌സിന് പകരം സോളിഡ് ബ്രിക്‌സിലേക്ക് മാറ്റം വന്നതും ചെലവുകൂടാൻ കാരണമായി. വിലക്കയറ്റം മൂലം കരാറെടുത്ത നിർമാണം പറഞ്ഞ തുകക്കുള്ളിൽ പൂർത്തിയാക്കാനാവാത്ത അവസ്ഥയിലാണ്. ജില്ലയിൽ നിരവധി കെട്ടിടങ്ങളാണ ടെൻഡർ പുതുക്കാതെയും നിർമാണം പാതിവഴിയിൽ നിലച്ചും അവശേഷിക്കുന്നത്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ സാമഗ്രികളുടെ വില 20 മുതൽ 25 ശതമാനം വരെയാണ് വർധിച്ചത്.
ലൈഫ് മിഷൻ പദ്ധതിയിൽ നാല് ലക്ഷം രൂപ ലഭിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്കും ഇപ്പോൾ വീട് പണിയുക ദുഷ്കരമായി മാറി. വിലക്കയറ്റത്തിനൊപ്പം തൊഴിൽകൂലിയും ഉയർന്നു.അന്തർസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 1000 രൂപയോളം നൽകണം. 800 രൂപയായിരുന്നു രണ്ടുവർഷം മുമ്പുള്ള ദിവസക്കൂലി. കൂടാതെ തൊഴിലാളിക്ഷാമവും രൂക്ഷമാണ്.
പൊതുനിർമാണ ജോലികളും മന്ദഗതിയിൽ
ജില്ലയിലെ വിവിധ നഗരസഭകളുടെയും പഞ്ചായത്തുകളുടെയും പൊതുനിർമാണ ജോലികളും മന്ദഗതിയിലാണ്. മുൻ ബില്ലുകൾ പാസാക്കാത്തതിനാൽ കരാറുകാർ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല.
സ്വകാര്യ മേഖലയിലെ ഫ്ലാറ്റ്, വില്ല പദ്ധതികളും വിലക്കയറ്റം മൂലം നിലച്ചതായും കരാറുകാർ പറയുന്നു. അസോസിയേഷന്‍റെ അംഗീകാരമോ ലൈസൻസോ ഇല്ലാതെ മേഖലയിൽ നുഴഞ്ഞുകയറിയ വ്യാജന്മാരാണ് മറ്റൊരു പ്രതിസന്ധി. നിലവിലെ തുകയെക്കാൾ കുറഞ്ഞ ചെലവിൽ ടെൻഡർ നേടുന്ന ഇവർ പാതിവഴിയിൽ നിർമാണം അവസാനിപ്പിച്ച് കരാറിൽനിന്ന് മുങ്ങുന്നതാണ് പതിവ്.
നിർമാണമേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, വിലനിരക്കിൽ ഏകീകരണം ഏർപ്പെടുത്തുക, ജില്ലയിലെ നിലച്ചുപോയ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുക, അനുമതി പ്രക്രിയ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കരാറുകാർ മുന്നോട്ട് വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

