കുറ്റിപ്ലാങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ; കെട്ടിട നിർമാണം പ്രഖ്യാപനത്തിൽ മാത്രം
text_fieldsപഴയ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലം
കൊക്കയാർ: പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ കുറ്റിപ്ലാങ്ങാട് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമാണത്തിന് ഒമ്പതുകോടി രൂപ അനുവദിച്ച് ഉദ്ഘാടനം നടത്തി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും പദ്ധതി തുടങ്ങാൻ കഴിയാതെപോയ അധികാരികൾ മൗനത്തിലാണ്.
അധികാരികളുടെ വാക്കിൽ വിശ്വസിച്ച് നൂറ്റാണ്ടിന്റെ പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കി കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. 2019-20 സാമ്പത്തികവർഷം അന്നത്തെ എം.എൽ.എ ഇ.എസ്. ബിജിമോളുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒമ്പതു കോടി അനുവദിച്ചെന്ന പ്രഖ്യാപനമാണ് നടക്കാതെ പോയത്.
ജില്ല പഞ്ചായത്തിനായിരുന്നു നിർമാണ നടത്തിപ്പ് അവകാശം. 2021 ഫെബ്രുവരി രണ്ടിന് നിർമാണോദ്ഘാടനം നടത്തി ശിലാഫലകം സ്ഥാപിച്ചതല്ലാതെ ഒരുനടപടിയും പിന്നീട് ഉണ്ടായില്ല. സ്ഥാപിച്ച ശിലാഫലകവും പൊളിച്ചുനീക്കിയ കെട്ടിടഭാഗത്ത് അവശിഷ്ടങ്ങൾക്കിടയിൽ സൂക്ഷിച്ചിട്ടുണ്ട്.
നിർമാണോദ്ഘാടന ശിലാഫലകം ഉപേക്ഷിച്ചനിലയിൽ
ഒരുകാലത്ത് ആയിരത്തോളം കുട്ടികൾ പഠിച്ച വിദ്യാലയമാണിത്. മല അരയർ മാത്രം താമസിച്ചിരുന്ന മേഖലയിൽ നൂറ്റാണ്ട് മുമ്പ് മലഅരയ മൂപ്പന്മാർ റാണി ലക്ഷ്മി ഭായി തമ്പുരാട്ടിക്ക് ചേമ്പലയിലെഴുതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച സ്കൂളും മേഖലയിലെ ഏറ്റവും പഴക്കമേറിയതുമാണ് കുറ്റിപ്ലാങ്ങാട് സ്കൂൾ.
ഒന്നും രണ്ടും ക്ലാസുകൾ പ്രവർത്തിച്ചിരുന്ന മുറികളും ഓഫിസ് മുറിയുമാണ് പുതിയ കെട്ടിടത്തിനായി പൊളിച്ചുനീക്കിയത്. ഇതോടെ ഇവരെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റി. ഇപ്പോഴും അസൗകര്യങ്ങൾക്ക് നടുവിലാണ് ഈ ക്ലാസുകൾ പ്രവർത്തിക്കുന്നത്. കൊക്കയാർ, കൂട്ടിക്കൽ, പെരുവന്താനം പഞ്ചായത്തുകളിൽനിന്നാണ് കുട്ടികൾ ഏറെയും ഇവിടെ എത്തുന്നത്.
അഞ്ചുവർഷം മുമ്പ് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇനി നിർമാണം നടത്താനാവില്ലെന്നും പുതിയ ഫണ്ട് കണ്ടെത്തണമെന്നും പറഞ്ഞ് ഒഴിയുകയാണ് ജനപ്രതിനിധികൾ. ആവശ്യം ഉന്നയിച്ച് പി.ടി.എ പലതവണ ജനപ്രതിനിധികളെ സമീപിച്ചപ്പോൾ ‘ഇപ്പം ശരിയാക്കിത്തരാമെന്ന’ മറുപടി ആവർത്തിച്ചല്ലാതെ നടപടി ഒന്നും ഉണ്ടായിട്ടില്ല. അധികാരികൾ അനാസ്ഥ വെടിഞ്ഞ് കെട്ടിടം നിർമിക്കണമെന്നാണ് നാടിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

