കുറവിലങ്ങാട് താലൂക്ക് ആശുപത്രി ജില്ല ആശുപത്രി നിലവാരത്തിലാക്കണം; മന്ത്രിക്ക് നിവേദനം നൽകി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്
text_fieldsകുറവിലങ്ങാട്: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിട നിർമാണം വേഗത്തിലാക്കുന്നതിനും പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും ആരോഗ്യ മന്ത്രി കെ. മുരളീധരന് നിവേദനം.‘കായകൽപം’ ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച നിവേദനത്തിലാണ് വികസന ആവശ്യങ്ങൾ ഉന്നയിച്ചത്.
കുറവിലങ്ങാട് പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയകേന്ദ്രമാണ് കുറവിലങ്ങാട് താലൂക്ക് ആശുപത്രി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തത ഗുരുതര വെല്ലുവിളിയാണ്.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 33.44 കോടി രൂപ ചെലവിൽ പുതിയ കെട്ടിടത്തിന് ഭരണാനുമതിയായെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. 54 കിടക്കയുള്ള ആശുപത്രിയിൽ ദിവസേന 500ലധികം രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. വിദഗ്ധ ചികിത്സ വിഭാഗങ്ങൾ ഇല്ലാത്തതിനാൽ മിക്കവരെയും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യേണ്ട സ്ഥിതിയാണ്.
പുതിയ പാലിയേറ്റീവ് ബ്ലോക്കും നിർമാണത്തിലിരിക്കുന്ന പുതിയ കാഷ്വാലിറ്റി ബ്ലോക്കും പ്രവർത്തനക്ഷമമാക്കാൻ നിലവിലെ ജീവനക്കാരുടെ എണ്ണം മതിയാകാത്തതിനാൽ കൂടുതൽ തസ്തികകൾ അനിവാര്യമാണ്. എൻ.എച്ച്.എം വഴി ലഭിച്ചിരുന്ന പീഡിയാട്രീഷ്യന്റെ സേവനം അവസാനിച്ചതോടെ കുട്ടികളെ കോട്ടയം ജനറൽ ആശുപത്രിയിലേക്കും ഐ.സി.എച്ചിലേക്കും റഫർ ചെയ്യേണ്ട സാഹചര്യമാണ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന കാഷ്വാലിറ്റിക്ക് ആകെ ആറ് സി.എം.ഒ/അസിസ്റ്റന്റ് സർജൻ തസ്തിക മാത്രമാണുള്ളത്. ഡോക്ടർമാരുടെ കുറവ് രോഗികൾക്കും ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
എം.സി. റോഡിലെ അപകടങ്ങൾ കണക്കിലെടുത്ത് ജനറൽ സർജൻ തസ്തികയും അത്യാവശ്യമാണ്. രാത്രി ലാബ്, എക്സ്-റേ, ഫാർമസി, ഇ.സി.ജി. സേവനങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ നിയമനങ്ങൾ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

