കുമരകംകാർ പറയുന്നു, സുരക്ഷിതമല്ല ജല യാത്ര
text_fieldsലൈഫ് ജാക്കറ്റുകൾ പിന്നിൽ കൂട്ടിയിട്ട് സുരക്ഷയില്ലാതെ കുമരകത്തുനിന്ന് മുഹമ്മയിലേക്ക് പോകുന്ന യാത്രാബോട്ട്. ഫോട്ടോ- ദിലീപ് പുരക്കൽ
കോട്ടയം: താനൂർ ബോട്ട് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓർമയിൽനിന്ന് ഇന്നും നമ്മൾ കരകയറിയിട്ടില്ല, ആ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പേരിന് പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊക്കെ പരിശോധന ‘നാടകങ്ങളും’ നടന്നു.അതിനൊപ്പം കുമരകത്തും പരിശോധനയുണ്ടായി. എന്നാൽ, ഇപ്പോൾ എല്ലാം പഴയപടിയായി, കുമരകത്തെ ബോട്ട്യാത്ര എപ്പോൾ വേണമെങ്കിലും ദുരന്തം വിളിച്ചുവരുത്തുന്ന അവസ്ഥയിലാണ്. ബോട്ടുകളിലും ഹൗസ്ബോട്ടുകളിലും യാതൊരു വിധ സുരക്ഷാക്രമീകരണവും പാലിക്കുന്നില്ല.
ഒരു ബോട്ടിലും യാത്രക്കാർക്ക് ലൈഫ്ജാക്കറ്റില്ല. ബോട്ടുകളിൽ അടുക്കിവെച്ചിട്ടുമുണ്ട്. ആവശ്യമായ സുരക്ഷാക്രമീകരണമൊന്നും ബോട്ട് ജെട്ടിയിലും പാലിക്കപ്പെടുന്നില്ല. ബോട്ടുകൾ തിരിക്കാൻപോലും പ്രയാസപ്പെടുന്ന അവസ്ഥയാണ്.ഇതിനിടെ മറ്റൊരു ബോട്ട് എത്തുകയാണെങ്കിൽ ദുരന്തസാധ്യതയും കൂടുതൽ. ഇതെല്ലാം ടൂറിസം ഗ്രാമമായ കുമരകത്തെ ആശങ്കപ്പെടുത്തുകയാണ്. 21 വർഷങ്ങൾക്ക് മുമ്പുണ്ടായ ബോട്ടപകടം ഇന്നും ഞെട്ടലോടെയാണ് കുമരകത്തുകാർ ഓർക്കുന്നത്. 2002 ജൂലൈ 27നാണ് മുഹമ്മയിൽനിന്ന് പി.എസ്.സി ഉദ്യോഗാർഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് വന്ന ജലഗതാഗതവകുപ്പിന്റെ എ 53 നമ്പർ ബോട്ട് കായലിൽ മുങ്ങി 29 ജീവൻ പൊലിഞ്ഞത്.
മുഹമ്മ, മണിയാപറമ്പ് തുടങ്ങിയ ഇടങ്ങളിൽനിന്ന് നിരവധി പേരാണ് ദൈനംദിനം ഇവിടെ എത്തുന്നത്.കെ.ഐ.വി രജിസ്ട്രേഷൻ, ഇൻഷുറൻസ്, മലിനീകരണം, സർവേ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഹൗസ് ബോട്ടുകളാണ് ഏറെയും ഓടുന്നത്. ഇങ്ങനെ ഓടുന്ന ബോട്ടുകൾ പിടിച്ചുകെട്ടണമെന്ന് കോടതിവിധിയുണ്ട്. സേഫ്റ്റി സർവേ എല്ലാവർഷവും പൂർത്തിയാക്കണമെന്നാണ് നിയമമെങ്കിലും നടക്കാറില്ല. അഞ്ചുകൊല്ലത്തേക്ക് നൽകുന്ന രജിസ്ട്രേഷൻ പുതുക്കാനും മടിയാണ്.
കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1580 ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്നതായാണ് ഔദ്യോഗിക കണക്ക്. ഇവയിൽ ഭൂരിഭാഗവും രജിസ്ട്രേഷനും ലൈസൻസും സർവേയും ഇല്ലാത്തവയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. സീസൺ സമയത്ത് കൂടുതൽ ആളുകൾ കയറുന്നതും സുരക്ഷാസംവിധാനങ്ങളെ താളംതെറ്റിക്കുന്നുണ്ട്. ഹൗസ്ബോട്ടുകളിലെ പാചകവും അപകടസാധ്യത ക്ഷണിച്ചുവരുത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

