കാടിനുള്ളിൽനിന്ന് മോചനമില്ലാതെ കുളവാഴ പ്ലാന്റ്
text_fieldsകോടിമത മാർക്കറ്റിന് സമീപം കാടുമൂടി കിടക്കുന്ന കുളവാഴ സംസ്കരണ പ്ലാന്റ്
കോട്ടയം: 52 ലക്ഷം മുടക്കി 13 വർഷം മുമ്പ് നിർമിച്ച കുളവാഴ പ്ലാന്റിന് കാടിനുള്ളിൽ അന്ത്യവിശ്രമം. പോളശല്യം ഒഴിവാക്കാൻ സ്ഥാപിച്ച കുളവാഴ സംസ്കരണ പ്ലാന്റാണ് നാശത്തിന്റെ വക്കിൽ തുടരുന്നത്. എം.ജി റോഡിൽ പച്ചക്കറി മാർക്കറ്റിനുള്ളിലാണ് നഗരസഭയുടെ പ്ലാന്റ് കാടുകയറി നശിക്കുന്നത്. 2012ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ജലാശയങ്ങളിൽ ഭീഷണിയായ കുളവാഴ സംസ്കരിക്കുന്നതിനൊപ്പം ഇവയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് പച്ചക്കറി മാർക്കറ്റിലെ തെരുവുവിളക്കുകൾ കത്തിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കുട്ടനാട് പാക്കേജിൽപെടുത്തി ഫിർമയാണ് പ്ലാന്റിന്റെ നിർമാണം നടത്തിയത്. 52 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാന്റ് നിർമിച്ചത്. കുളവാഴ ലഭ്യമല്ലാതാവുന്ന സാഹചര്യത്തിൽ മാർക്കറ്റിലെ പച്ചക്കറി അവശിഷ്ടങ്ങളിൽനിന്ന് വൈദ്യുതി ഉണ്ടാക്കാനും ലക്ഷ്യമിട്ടിരുന്നു. ഉദ്ഘാടനത്തെ തുടർന്ന് ഫിർമ ഇതിന്റെ നടത്തിപ്പും പരിപാലനവും നഗരസഭക്ക് കൈമാറിയിരുന്നു. എന്നാൽ, ഒരുമാസം മാത്രമാണ് പ്ലാന്റ് പ്രവർത്തിച്ചത്. സണ്ണി കലൂർ ചെയർമാൻ സ്ഥാനം ഒഴിഞ്ഞതോടെ പിന്നീട്, അധികാരത്തിലെത്തിയ ചെയർമാൻമാർ പദ്ധതിയെ അവഗണിക്കുകയായിരുന്നു. പ്ലാന്റിലെ പച്ചക്കറി അരിയുന്ന ചോപ്പർ തകരാറിലായതാണ് പദ്ധതിക്കേറ്റ ആദ്യ തിരിച്ചടി. അത് പരിഹരിച്ചെങ്കിലും പ്ലാന്റിനുള്ളിലെ മോട്ടോർ കത്തിപ്പോയി. പിന്നീട് ആരും തിരിഞ്ഞ നോക്കിയില്ല. കഴിഞ്ഞ യു.ഡി എഫ് ഭരണസമിതിയുടെ കാലത്ത് ചെയർപേഴ്സണായിരുന്ന ഡോ. പി.ആർ. സോന പ്ലാന്റിന്റെ നടത്തിപ്പിന് സാധ്യത തേടിയെങ്കിലും പ്ലാന്റ് മാറാൻ സാമ്പത്തിക സ്ഥിതി തടസ്സമായതിനാൽ പിന്മാറി. ജില്ല പഞ്ചായത്ത് പോളവാരൽ യന്ത്രവുമായി എത്തിയതോടെ നഗരസഭയുടെ നീക്കവും പൊളിഞ്ഞു.
സമീപ ജില്ലകളിലെ നഗരസഭകൾ മുൻകൈയെടുത്ത് പോള സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ വരെ ഉണ്ടാകുന്നതിനിടെയാണ് നഗരസഭ ലക്ഷങ്ങൾ മുടക്കിയ കുളവാഴ സംസ്കരണ പ്ലാന്റ് അവഗണനയുടെ പട്ടികയിൽ തുടരുന്നത്. ലക്ഷക്കണക്കിന് പദ്ധതി അനാഥമായി തുടരുമ്പോഴും അധികൃതരുടെ ശ്രദ്ധ പതിയാത്തതിൽ ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

