കുടമാളൂർ പാലം അപകടത്തില്‍; തൂണിൽ വിള്ളല്‍ കണ്ടെത്തി
text_fieldsവിണ്ടുകീറിയ കുടമാളൂർ പാലത്തിന്‍റെ ശിലാഫലകം
കുടമാളൂര്‍: ആര്‍പ്പൂക്കരയെയും കുടമാളൂരിനെയും ബന്ധിപ്പിക്കുന്ന മീനച്ചിലാറിന് കുറുകെ കുടമാളൂര്‍പാലം അപകടത്തില്‍. പാലത്തിന്‍റെ തൂണിലും അപ്രോച്ച് റോഡിന്‍റെ സംരക്ഷണഭിത്തിയിലും വിള്ളൽ കണ്ടെത്തി. നേരത്തേ വിള്ളല്‍ രൂപപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഇത് വലുതായി. ഇതോടെ അപകടസാധ്യത വർധിച്ചതായി നാട്ടുകാർ പറയുന്നു.
1953 മേയ് നാലിനാണ് കുടമാളൂര്‍, ആര്‍പ്പൂക്കര കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്. 160 അടി നീളവും 18അടി വീതിയിലാണ് പാലം നിർമിച്ചത്. ഇതുവരെ മറ്റ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് വിള്ളൽ കാണപ്പെട്ടത്.
കോട്ടയത്തുനിന്ന് മെഡിക്കല്‍ കോളജിലെത്താനുള്ള ഏളുപ്പവഴിയായ ചുങ്കം-മെഡിക്കല്‍ കോളജ് ബൈപാസ് റോഡിലെ മൂന്നാമത്തെ പാലമാണിത്. ഭാരവണ്ടികളും മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ദിവസേന പാലത്തിലൂടെ കടന്നുപോകുന്നത്. ഇത് ആശങ്ക ഇരട്ടിപ്പിക്കുന്നു.
പാലത്തിന്‍റെ കുടമാളൂര്‍ ഭാഗത്തെ ശിലാഫലകം ഉള്‍പ്പെടെ വിണ്ടുകീറിയിട്ടുണ്ട്. അപ്രോച്ച് റോഡിന്‍റെ സംരക്ഷണഭിത്തി സമീപ തോട്ടിലേക്ക് ചരിഞ്ഞനിലയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വന്‍ അപകടത്തിന് സാധ്യതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം പാലത്തിന്‍റെ വീതി വർധിപ്പിക്കണമെന്നാവശ്യം ഇവർ ഉയർത്തുന്നു.
വീതികുറവ് കാൽനടക്കാർക്ക് ദുരിതമായതോടെ നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് എം.പി ഫണ്ടില്‍നിന്ന് കോടികള്‍ ചെലവാക്കി പാലത്തിന്‍റെ ഒരുവശത്ത് നടപ്പാലം നിര്‍മിച്ചു. നാലടി വീതിയില്‍ ഇരുമ്പുപാളികളാണ് നടപ്പാതയില്‍ നിരത്തിയത്. പത്തുവര്‍ഷം മുമ്പ് നിര്‍മിച്ച നടപ്പാലത്തിന്‍റെ ഇരുമ്പുതകിടുകള്‍ അടുത്തിടെ ദ്രവിച്ച് വലിയ വിടവുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ആരാധന കേന്ദ്രങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കുമായി ഇതുവഴി നിരവധിപേരാണ് കാല്‍നടയായി സഞ്ചരിക്കുന്നത്. വിദ്യാര്‍ഥികള്‍ അടക്കം നടപ്പാലത്തിലൂടെ നടന്നുപോകുമ്പോള്‍ തുരുമ്പിച്ച് ദ്രവിച്ച് അടര്‍ന്നുമാറിയ വിടവുകളില്‍ കാല്‍പെട്ട് അപകടം സംഭവിക്കാനും സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പാലത്തിന്‍റെയും നടപ്പാലത്തിന്‍റെയും തകരാറുകൾ പരിഹരിക്കാൻ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

