ജനങ്ങളെ വെല്ലുവിളിച്ച് കെ.എസ്.ആർ.ടി.സി
text_fieldsകോട്ടയം: ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് ജില്ലയിൽ മൂന്നാം ദിവസവും സർവിസുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി. ഓര്‍ഡിനറി, ദീര്‍ഘദൂര സർവിസ് ഉൾപ്പെടെ വിവിധ ഡിപ്പോകളിലായി നൂറോളം സര്‍വിസുകളാണ് റദ്ദാക്കിയത്.ബസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കിറങ്ങിയ ആളുകള്‍ പെരുവഴിയിലായി. ഞായറാഴ്ച കോട്ടയം ഡിപ്പോയില്‍നിന്ന് 39 ബസുകളാണ് സർവിസ് നടത്തിയത്.
ജില്ലയിലെ പ്രാദേശിക മേഖലകളിലും ചേര്‍ത്തല, എറണാകുളം, കുമളി തുടങ്ങിയ ദൂരസർവിസുകളും റദ്ദാക്കി. ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് പൂഞ്ഞാര്‍, കൈപ്പള്ളി, വാഗമണ്‍, തലനാട് സര്‍വിസുകളും കോട്ടയം, ആലപ്പുഴ സര്‍വിസുകളും മുടങ്ങി. ചങ്ങനാശ്ശേരി ഡിപ്പോയില്‍നിന്ന് പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ഓര്‍ഡിനറി സര്‍വിസുകള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റദ്ദാക്കി. വൈക്കം ഡിപ്പോയില്‍നിന്ന് എറണാകുളം, ചേര്‍ത്തല, കോട്ടയം, തൊടുപുഴ തുടങ്ങിയ സര്‍വിസുകളും ദീര്‍ഘദൂര സര്‍വിസുകളും മുടങ്ങി.
പാലായിൽ ദീർഘദൂര ബസുകൾ കൂട്ടത്തോടെ മുടങ്ങി
പാലാ: ഡീസൽക്ഷാമത്തെ തുടർന്ന് പാലാ ഡിപ്പോയിൽനിന്നുള്ള ഭൂരിഭാഗം സർവിസുകളും മുടങ്ങി.50 ശതമാനം ഓർഡിനറി സർവിസുകൾ മാത്രമേ മുടങ്ങൂ എന്നായിരുന്നു അറിയിപ്പെങ്കിലും ദീർഘദൂര സൂപ്പർക്ലാസ് സർവിസുകളായ കൊന്നക്കാട്, പഞ്ചിക്കൽ, അമ്പായത്തോട്, കുടിയാന്മല റൂട്ടുകളിലോടുന്ന എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് സർവിസുകളും മുടങ്ങി. ഇതേതുടർന്ന് നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്.
കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന ദേശസാത്കൃത റൂട്ടുകളിലെ യാത്രക്കാരാണ് ദുരിതത്തിലായത്. യാത്രതടസ്സം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് പാസഞ്ചേഴ്സ് അസോ. ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട് അവശ്യപ്പെട്ടു.
ഇന്ന് സർവിസുകൾ മുടങ്ങില്ല
പാലാ: തിങ്കളാഴ്ച എല്ലാ കെ.എസ്.ആർ.ടി.സി സർവിസുകളും നടത്തുമെന്ന് പാലാ ഡിപ്പോ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

