കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്: ഇവിടെ സേഫല്ല
text_fieldsകോട്ടയം: അശാന്തിയിലും അപകടസാഹചര്യത്തിലും പൊറുതിമുട്ടി നഗരമധ്യത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. ടി.ബി റോഡിന് സമീപം സ്ഥിതിചെയ്യുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് ഏത് സമയവും അപകടം സംഭവിക്കാവുന്ന നിലയിലാണ്. സ്റ്റാൻഡിൽനിന്ന് ടി.ബി റോഡിലേക്ക് കുത്തനെയുള്ള ചെരിവാണ് അപകടകാരണമാകുന്നത്. സമീപത്ത് ഹോട്ടലുകളും ഓട്ടോറിക്ഷ സ്റ്റാൻഡുമുണ്ട്.
ബസുകൾ കയറുന്ന ഭാഗത്ത് കുത്തനെയുള്ള ഇറക്കമിറങ്ങി എത്തുന്നത് ഏത് സമയവും വാഹനങ്ങൾ കടന്നുപോകുന്ന ടി.ബി റോഡിലേക്കാണ്. ഇവിടെ അപകടം കുറക്കാൻ ഹമ്പുകളോ മറ്റ് സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞവർഷം രണ്ട് തവണയാണ് നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തത്. കോട്ടയം പ്രസ് ക്ലബ്ബിന് സമീപത്തെ പി.ഡബ്ല്യു ഓഫീസിന്റെ മതിലാണ് അപകടത്തിൽ തകർന്നത്.
അപകടങ്ങൾ ആൾത്തിരക്ക് ഒഴിഞ്ഞ സമയങ്ങളിലായതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ട് എടുക്കുന്നതിനിടെ സ്റ്റാൻഡിന് പിറകിലെ കുഴിയിലേക്ക് ചെരിഞ്ഞത് ഏതാനും മാസങ്ങൾ മുമ്പാണ്. തുറസായി കിടക്കുന്ന സ്റ്റാൻഡിന് താഴെ അഗാധമായ ഗർത്തങ്ങളാണ്. സ്ഥലപരിമിതി മൂലം ബസുകൾ ഇറക്കത്തിൽ നിർത്തിയിടുന്ന സാഹചര്യമാണ് പലപ്പോഴും. ബസുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണ്.
ഇരുട്ടിയാൽ ഇവിടെ സേഫല്ല
സ്ഥലപരിചയമില്ലാതെ രാത്രികാലങ്ങളിൽ സ്റ്റാൻഡിലെത്തുന്നവർക്ക് ഇവിടെ മതിയായ സുരക്ഷയില്ല. മിക്കവാറും സമയങ്ങളിൽ മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും വിളയാട്ടമാണ്. യാത്രകാർക്കായി സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളിൽ മദ്യപിച്ചെത്തുന്നവരും അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളും സ്ഥാനം പിടിക്കുന്നതോടെ ദീർഘദൂരയാത്രികർ ബുദ്ധിമുട്ടിലാകുന്നു. വെളിച്ചമില്ലാത്ത തിയേറ്റർ റോഡിൽ പലപ്പോഴും സംഘട്ടനങ്ങളും ഉണ്ടാവാറുണ്ട്. പൊലീസ് പെട്രോളിങ് കാര്യക്ഷമമാക്കി യാത്രികരുടെ യാത്രക്ക് സരേക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

