രണ്ടു മാസം പിന്നിട്ടു; കെ.പി.പി.എൽ തൊഴിലാളികൾക്ക് നിയമന ഉത്തരവ് നൽകിയില്ല
text_fieldsകോട്ടയം: സർക്കാറിന്‍റെ കടലാസ് നിർമാണ കമ്പനിയായ വെള്ളൂർ കെ.പി.പി.എല്ലിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച് രണ്ടു മാസം പിന്നിട്ടിട്ടും നിയമന ഉത്തരവ് നൽകിയില്ല.
പൊലീസ് വെരിഫിക്കേഷനും മെഡിക്കൽ ചെക്കപ്പും പൂർത്തിയായില്ലെന്നതാണ് കാരണമായി പറയുന്നത്. എന്നാൽ, നിയമനത്തിലെ അപാകതകൾ പരിഹരിക്കാത്തതിനാലാണ് ഉത്തരവ് വൈകുന്നതെന്ന് ഐ.എൻ.ടി.യു.സി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നവംബറിലാണ് കമ്പനിയിലെ 181 കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. തുടർന്ന്, തൊഴിലാളികൾക്ക് ഓഫർ ലെറ്റർ നൽകിയിരുന്നു. പിന്നീട് നടപടിയുണ്ടായില്ല.
എച്ച്.എൻ.എല്ലിലെ തൊഴിലാളികളായിരുന്ന ഇവർ നിയമപരമായി പിരിഞ്ഞുപോയിട്ടില്ലെന്ന സാങ്കേതിക വിഷയമാണ് തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്നത്. പഴയ തൊഴിൽ സ്ഥാപനമെന്ന നിലയിൽ എച്ച്.എൻ.എല്ലുമായുണ്ടാക്കിയ സേവനവേതന വ്യവസ്ഥകൾ നിലവിലുണ്ട്. അത് പ്രകാരം അന്ന് ലഭ്യമാക്കിയിരുന്നതിൽ കുറയാത്ത സേവനവേതന വ്യവസ്ഥകൾ നടപ്പാക്കിയേ പുതിയ തൊഴിൽ നൽകാവൂ. പുതിയ തൊഴിലിൽ വ്യവസ്ഥ പാലിച്ചിട്ടില്ല. ഈ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ കത്ത് നൽകിയെങ്കിലും അധികൃതർ പ്രതികരിച്ചിട്ടില്ല.
കരാർ തൊഴിലാളികൾക്ക് മിനിമം വേതനം 826 രൂപ നൽകുമെന്നാണ് ലേബർ കമീഷണറുമായി നടന്ന ചർച്ചയിൽ തീരുമാനിച്ചത്. 700 രൂപയാണ് അവർക്ക് നൽകുന്നത്. ഇത്തരത്തിൽ ഏകപക്ഷീയമായി സേവനവേതന വ്യവസ്ഥ നടപ്പാക്കാനാണ് സർക്കാർ നീക്കമെന്നും ഐ.എൻ.ടി.യു.സി നേതാക്കൾ പറയുന്നു. നിയമനം സംബന്ധിച്ച അപാകത പരിഹരിച്ച് ഉത്തരവ് നൽകണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
200 ഓളം കരാർ ജീവനക്കാരും 80 അപ്രന്‍റിസുകളുമടക്കം 360 ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. നഷ്ടത്തിലായതിനെ തുടർന്ന് കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെ.പി.പി.എല്ലാക്കി പുനരുദ്ധരിച്ചത്. ഈ സംസ്ഥാന ബജറ്റിൽ കെ.പി.പി.എൽ വിപുലീകരണത്തിന് 175 കോടി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

