കൂട്ടിക്കൽ ചപ്പാത്ത് പാലം അപകടാവസ്ഥയിൽ; ആശങ്കയോടെ നാട്
text_fieldsകൈവരികൾ തകർന്ന ചപ്പാത്ത് പാലം
കൂട്ടിക്കൽ: രണ്ടു പ്രളയം കടന്നുപോയതോടെ കൂട്ടിക്കൽ, കൊക്കയാർ നിവാസികൾ അപകട ഭീതിയിൽ. കൂട്ടിക്കൽ, കൊക്കയാർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചപ്പാത്തുപാലം അപകടാവസ്ഥയിലായതാണ് നാടിനെ പേടിപ്പിക്കുന്നത്. 2021ലെ പ്രളയത്തിൽ ഒഴുകിയെത്തിയ പാറകളും കൂറ്റൻ മരങ്ങളും പാലത്തിലാണ് ഇടിച്ചുനിന്നത്. കൈവരികൾ പൂർണമായി ഒഴുകി പോയിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ മിന്നൽ പ്രളയത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇപ്പോൾ ചപ്പാത്ത് പാലത്തിന്റെ കൈവരികൾ തകർന്നത് വൻ അപകടത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. മൂന്നര ലക്ഷത്തോളം രൂപ മുടക്കി സ്ഥാപിച്ച കൈവരികളാണ് തകർന്ന് ഒഴുകിയത്. നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ വെംബ്ലി, കുറ്റിപ്ലാങ്ങാട്, കൊക്കയാർ, പുളിക്കത്തടം, പൂവഞ്ചി, നാരകംപുഴ വാർഡിലെ ജനങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് കടക്കുവാനുള്ള ഏക ആശ്രയമാണ് ചപ്പാത്ത് പാലം.
കഴിഞ്ഞ പ്രളയത്തിൽ സമീപ മേഖലയിലെ മിക്ക പാലങ്ങളും ഒലിച്ചുപോയിട്ടും ചപ്പാത്ത് പാലത്തിന്റെ കൈവരികൾ മാത്രമാണ് തകർന്നത്. ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ കൂറ്റൻ തടികൾ പാലത്തിൽ വന്ന് ഇടിച്ചുനിന്നത് ബലക്ഷയത്തിന് കാരണമാവുകയും വെള്ളത്തിന്റെ ഒഴുക്കിന് തടസമാകുകയും ചെയ്തു. ചന്തക്കടവ്, കൂട്ടിക്കൽ ടൗണുകളിലെ വീടുകളിലും കടകളിലും വെള്ളം കയറാൻ കാരണമായി.
മുപ്പത്തിയഞ്ചാം മൈൽ - കൊക്കയാർ - നാരകംപുഴ - നെടുമ്പാശേരി പാത അടുത്തിയിടെയാണ് നിർമാണം നടത്തിയത്. എന്നാൽ, പാലം എസ്റ്റിമേറ്റിൽപെടാതെ പോയത് പ്രദേശവാസികൾ സംശയത്തോടെയാണ് കാണുന്നത്. പാലത്തിന്റെ വീതി കുറവ് കാരണം ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകാൻ സാധിക്കാതെ ഡ്രൈവർമാർ തമ്മിൽ തർക്കം പതിവാണ്. അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന് പൊക്കം വളരെ കുറവാണ്.
ഓരോ വെള്ളപ്പൊക്കത്തിലും കൈവരികൾ തകരുകയും പഞ്ചായത്ത് വലിയ ഫണ്ട് മുടക്കുകയുമാണ് ചെയ്യുന്നത്. ഇത് പഞ്ചായത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. കഴിഞ്ഞ ഗ്രാമസഭയിൽ പുതിയ പാലം എന്ന ആവശ്യമുന്നയിച്ച് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. വാർഡ് മെംബർ അയൂബ്ഖാൻ കട്ടപ്ലാക്കൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എം.എൽ.എ തുടങ്ങിയവർക്ക് നിവേദനവും നൽകിയിരുന്നു. പുതിയ പാലം എന്നത് മാത്രമാണ് പരിഹാരം. അതിനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

