മറവിയിൽ നശിച്ച് കച്ചേരിക്കടവ് വാട്ടർഹബ്
text_fieldsപോളനിറഞ്ഞ കച്ചേരിക്കടവ് വാട്ടർ ഹബ്
വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ഇടംതേടുന്നവർക്കായി നഗരത്തിരക്കുകളിൽനിന്ന് മാറി 1500 മീറ്ററില്‍ പടര്‍ന്നുകിടക്കുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന ആശയത്തോടെയാണ് കച്ചേരിക്കടവ് വാട്ടർഹബ് അവതരിപ്പിച്ചത്. നിർമാണം പൂര്‍ത്തിയാക്കി രണ്ടുമാസത്തിനകം തുറന്നുകൊടുക്കുമെന്നായിരുന്നു വാഗ്ദാനം. പഴമയുടെ പ്രൗഢിയുടെ കഥ ഏറെ പറയാനുണ്ട് കച്ചേരിക്കടവിന്. ജലഗതാഗതത്തെ മാത്രം യാത്രക്കായി ആശ്രയിച്ചിരുന്ന പണ്ടുകാലത്ത് തിരക്കേറിയ കേന്ദ്രമായിരുന്നു കച്ചേരിക്കടവ്. ചന്തക്കടവില്‍ ചരക്കുവള്ളങ്ങളും കച്ചേരിക്കടവില്‍ യാത്രാവള്ളങ്ങളും എത്തിയിരുന്ന കാലഘട്ടമുണ്ടായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മൂലംതിരുനാള്‍ രാമവര്‍മയുടെ കാലത്താണ് കച്ചേരിക്കടവ് ബോട്ടുജെട്ടി തുടങ്ങിയത്. ദിവാന് ടി. രാമറാവുവിന്റെ പേരും വര്‍ഷവും ആലേഖനം ചെയ്ത രാജമുദ്ര ഇവിടെ ഇപ്പോഴുമുണ്ട്. ആദ്യകാലത്ത് കോട്ടയത്തുനിന്ന് ആലപ്പുഴക്ക് സ്വരാജ്, പുഞ്ചിരി എന്നീ സ്വകാര്യ ബോട്ടുകളാണ് സർവിസ് നടത്തിയിരുന്നത്. 1967ല്‍ ജലഗതാഗത കോര്‍പറേഷനും. 1968ല്‍ ഇമ്പിച്ചി ബാവ മന്ത്രിയായിരുന്നപ്പോള്‍ ജലഗതാഗതവകുപ്പ് കച്ചേരിപ്പടി ബോട്ടുജെട്ടി ഏറ്റെടുത്തു. പിന്നീട് വര്‍ഷങ്ങളോളം ആലപ്പുഴയെയും എറണാകുളത്തെയും കോട്ടയവുമായി ബന്ധിപ്പിച്ചിരുന്ന പ്രധാനകണ്ണി ഈ ബോട്ട് ജെട്ടിയായിരുന്നു. എന്നാല്‍, എം.സി റോഡും ദേശീയപാതയും വാഹനങ്ങള്‍ക്കായി വഴിതുറന്നിട്ടതോടെ ബോട്ടുജെട്ടിയുടെ പ്രൗഢി ഇടിഞ്ഞുതുടങ്ങി. പിന്നെ കാലത്തിന്റെ കുത്തൊഴുക്കില്‍ പുറംതള്ളപ്പെട്ട ബോട്ട് ജെട്ടിയും തോടും കാടും പോളയും നിറഞ്ഞ് ഉപയോഗ ശൂന്യമാവുകയായിരുന്നു.
ജലഗതാഗതം പൂര്‍ണമായും നിലച്ചതോടെ കൊടൂരാറ്റില്നിന്ന് കച്ചേരിക്കടവിലേക്കുള്ള തോട് പൂര്‍ണമായും ചളിയും പായലും പോളയും നിറഞ്ഞതായി. ബോട്ടുകള്‍ എത്തിയിരുന്നില്ലെങ്കിലും പഴയ ബോട്ട് ജെട്ടിയുടെ ഓഫിസ് ഇവിടെത്തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജെട്ടി പ്രവര്‍ത്തനം നിലച്ചതോടെ ഈ റോഡിലേക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയും പോയി. റോഡ് പൂര്‍ണമായും തകര്‍ന്ന് തരിപ്പണമാകുകയും ചെയ്തു. ഇതോടെ തോട്ടില്‍ മാലിന്യം തള്ളാന്‍ എത്തുന്ന വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി എത്തിയിരുന്നത്. പോളയും, മാലിന്യങ്ങളും അടക്കമുള്ളവ തോട്ടില്‍ തള്ളിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലുമായി. മാലിന്യത്തില്‍നിന്നുള്ള ഈച്ചയും കൊതുകും ദുര്‍ഗന്ധവും ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കി.
മാലിന്യം നിറഞ്ഞ തോട്ടില്‍നിന്നുള്ള ദുര്‍ഗന്ധം സഹിച്ച് ജീവിച്ചിരുന്ന നാട്ടുകാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കിയാണ് 2015ൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ വാട്ടര്‍ഹബ് സമർപ്പിച്ചത്. എട്ടുകോടി രൂപയോളമായിരുന്നു പദ്ധതിയുടെ നിർമാണച്ചെലവ്. നടപ്പാതയുടെ ഇരുവശത്തും കൈവരിയുടെയും വാച്ച് ടവറിന്റെ രണ്ടാംനിലയുടെ നിര്‍മാണവും അതിവേഗത്തിൽ പൂർത്തീകരിച്ചിരുന്നു. എന്നാൽ, യാത്രാബോട്ടുകൾക്ക് എത്തിച്ചേരുന്നതിനാവശ്യമായ ആഴം കച്ചേരിക്കടവിലേക്കെത്തുന്ന ജലപാതക്കില്ല എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ ന്യൂനത. ഒരേക്കറോളം സ്ഥലത്താണ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ വാട്ടർഹബ് പ്രോജക്ട്. നിലവിൽ ഇവിടെ ഒരു ഫുഡ് കോർട്ട് മാത്രമാണ് പ്രവർത്തിക്കുന്നത്. മധ്യകേരളത്തിലെ ടൂറിസം സഞ്ചാരികൾക്കായി നിർമിച്ച പദ്ധതിയെക്കുറിച്ച് നിലവിൽ പ്രദേശവാസികൾക്ക് മാത്രമേ അറിവുള്ളൂ. ഇവിടേക്കുള്ള ബോട്ട് സർവിസ് ആരംഭിച്ചാൽ മാത്രമേ മറ്റ് ജില്ലകളിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കൂ. അടുത്തിടെ കോടിമതയിലെ പോളയും മാലിന്യവും നീക്കംചെയ്തിരുന്നു. എന്നാൽ, എട്ടുകോടിയുടെ വാട്ടർ ഹബ് പ്രോജക്ടിനോട് മുഖംതിരിക്കുകയാണ് നഗരസഭ ഉൾപ്പെടെ അധികാരികൾ ചെയ്തത്. ജില്ലയില്‍ നടപ്പാക്കിയ പല വികസന പദ്ധതികളും എങ്ങുമെത്താതെ മുട്ടിടിച്ച് നില്ക്കുന്നതിനൊപ്പമാണ് കച്ചേരിക്കടവിലെ വാട്ടർഹബ് പദ്ധതിയുടെ സ്തംഭനവും. നേരത്തേ ആരംഭിച്ച പലപദ്ധതികളും കൃത്യമായ മേല്‍നോട്ടമില്ലാതെ നശിച്ച ചരിത്രമാണ് നഗരത്തിന് പറയാനുള്ളത്. നഗരത്തില്‍ ആരംഭിച്ച ഇ- ടോയ്ലറ്റ്, മോടിപിടിപ്പിച്ച തിരുനക്കര മൈതാനം തുടങ്ങിയവ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്ന് തരിപ്പണമായിരുന്നു.
കോടിമത ബോട്ട്ജെട്ടി മുതൽ കൊടൂരാറിന്റെ തീരം-കച്ചേരിക്കടവ് ബോട്ട് ജെട്ടി മുതൽ പുത്തൻതോട് വരെ നീളുന്ന നടപ്പാത, ഇരുനിലയിലായി വാച്ച് ടവര്‍, ജലശുദ്ധീകരണ സംവിധാനം, കുട്ടികളുടെ കളിസ്ഥലം, കടകള്‍, ഭക്ഷണശാല, ബാത്ത്റൂമുകള്‍, ബോട്ട് ജെട്ടിയിൽ സന്ദർശകർക്കായി വാട്ടർ സൈക്കിൾ, ബോട്ട് ടെർമിനലുകൾ, പെഡൽബോട്ടുകൾ, വിളക്ക് കാലുകൾ, ശിക്കാര വള്ളം എന്നിവയാണ് പദ്ധതിക്കായി സജ്ജമാക്കിയത്.
ഹോട്ടൽ, സ്നാക്സ് പാർലർ, കൂൾബാർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നെങ്കിലും സഞ്ചാരികളുടെ വരവ് കുറവുമൂലം ഇവ പ്രവർത്തിക്കുന്നില്ല. കെട്ടിടങ്ങളും നാശത്തിന്റെ വക്കിലാണ്. ജലഗതാഗത വകുപ്പിന്റെ 36 സെന്റും സര്‍ക്കാറിന്റെ 14 സെന്റും ഏറ്റെടുത്താണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളെ ഉള്‍പ്പെടുത്തി ടൂറിസം പാക്കേജ് നടപ്പാക്കാനും പദ്ധതി ലക്ഷ്യമിട്ടിരുന്നു. ആലപ്പുഴയില്‍നിന്ന് ജലമാര്‍ഗമെത്തുന്ന തദ്ദേശ, വിദേശസഞ്ചാരികള്‍ക്ക് ജില്ലയിലെ ഫാം ടൂറിസവുമായും ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര ടൂറിസവുമായി ബന്ധപ്പെടുത്തുന്ന പദ്ധതിയും വാട്ടർഹബിന്റെ നിർമാണ തുടക്കത്തിൽ ഉണ്ടായിരുന്ന മോഹനവാഗ്ദാനങ്ങളായിരുന്നു.
തുടരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

