കോട്ടയത്ത് 75 ശതമാനം അധികമഴ; സംസ്ഥാനത്ത് രണ്ടാമത്
text_fieldsേകാട്ടയം നഗരത്തിൽ വെള്ളിയാഴ്ച വൈകീട്ട് പെയ്ത വേനൽ മഴക്കിടെ ബൈക്കിൽ കടന്നുപോകുന്നവർ
കോട്ടയം: വേനൽമഴയിൽ കോളടിച്ച് ജില്ല. പ്രതീക്ഷിച്ചതിനെക്കാൾ 75 ശതമാനം അധികമഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. മാർച്ച് ഒന്നിന് ആരംഭിച്ച വേനൽമഴ സീസണിൽ വെള്ളിയാഴ്ചവരെ ജില്ലയിൽ ലഭിച്ചത് 351.3 മില്ലിമീറ്റർ മഴയാണ്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് 201.3 മി.മീറ്റർ മഴയായിരുന്ന ലഭിക്കേണ്ടത്. നിലവിൽ സംസ്ഥാനത്ത് വേനൽമഴയിൽ കോട്ടയം രണ്ടാം സ്ഥാനത്തുമാണ്. കണ്ണൂരിനാണ് ഒന്നാംസ്ഥാനം. ഇവിടെ 118 ശതമാനമാണ് അധികമഴ ലഭിച്ചത്.
നിലവിൽ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സീസൺ അവസാനത്തിലേക്ക് കടക്കുമ്പോൾ മഴയുടെ അളവ് 400 മില്ലിമീറ്റർ കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രതീക്ഷ. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30വരെ കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കോട്ടയത്ത് 189.5 മി.മീ മഴയായിരുന്നു പെയ്യേണ്ടിയിരുന്നതെങ്കിലും ലഭിച്ചത് 348.2 മി.മീറ്ററാണ്. എപ്രിലിൽ മാത്രം 227 എം.എം മഴയാണ് ലഭിച്ചത്.
പസഫിക് സമുദ്രത്തിൽ വേനൽ തുടക്കത്തിൽ രൂപപ്പെട്ട ‘ലാനിന’യും തുടർന്ന് പ്രത്യേക പ്രതിഭാസങ്ങളൊന്നും രൂപപ്പെടാതിരുന്നതും വേനൽമഴക്കുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസ കാരണം കഴിഞ്ഞവർഷം മഴയിൽ വലിയകുറവുണ്ടായിരുന്നു. ഇത്തവണ ഇതിന്റെ ഇരട്ടിയിലധികം മഴയാണ് ലഭിക്കുന്നത്.
അഞ്ചു വർഷത്തിനിടയിൽ സംസ്ഥാനത്ത് മികച്ച നിലയിൽ മഴ ലഭിച്ച വേനൽക്കാലമാണ് ഇതെന്ന് ഇവർ പറയുന്നു. 2022ന് ശേഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ഇത്തവണയാണ്.
ഈമാസവും സംസ്ഥാനത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

