കോട്ടയം നഗരസഭ സെക്രട്ടറി അവധിയിൽ; ഉപരോധവുമായി എൽ.ഡി.എഫ്
text_fieldsകോട്ടയം: സസ്പെൻഷനിലായ ഹെൽത്ത് സൂപ്പർവൈസറെ തിരിച്ചെടുത്തതായി ഉത്തരവ് നൽകേണ്ട മുനിസിപ്പൽ സെക്രട്ടറി അനധികൃതമായി അവധിയിൽ പ്രവേശിച്ചെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. അടുത്ത ദിവസം കൗൺസിൽ ചേർന്ന് ഹെൽത്ത് സൂപ്പർവൈസറെ തിരിച്ചെടുക്കാമെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യനെ അറിയിച്ചശേഷമാണ് പ്രതിഷേധം ഒത്തുതീർപ്പായത്.
സി.പി.എം അനുകൂല യൂനിയനായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ ജില്ല സെക്രട്ടറിയായ സാനുവിനെ ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 18നു ചേർന്ന കൗൺസിൽ യോഗത്തിൽ ആറു മണി കഴിഞ്ഞതിനാൽ ഹെൽത്ത് സൂപ്പർവൈസറെ പിരിച്ചുവിട്ട കാര്യം ചർച്ചക്കെടുത്തിരുന്നില്ല. ഇതേതുടർന്ന് അന്നുമുതൽ എൽ.ഡി.എഫ് കൗൺസിലർമാർ ചെയർപേഴ്സനെ കാബിനിൽ കയറ്റാതെ ഉപരോധിച്ചുവരുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് ഹെൽത്ത് സൂപ്പർവൈസറെ തിരിച്ചെടുത്തതായി ചെയർപേഴ്സൻ പ്രസ്താവനയിൽ അറിയിച്ചു. അതുപ്രകാരം തിങ്കളാഴ്ച ഉത്തരവ് നൽകേണ്ടതായിരുന്നു. എന്നാൽ, സെക്രട്ടറി അവധിയിൽ പോയതിനാൽ ഉത്തരവ് നൽകാനായില്ല. തിങ്കളാഴ്ച ചെയർപേഴ്സൻ മുനിസിപ്പാലിറ്റിയിലെത്തിയതോടെ എൽ.ഡി.എഫ് കൗൺസിലർമാർ തടഞ്ഞു.
സെക്രട്ടറി നഗരസഭ പരിധി വിട്ടുപോകുമ്പോൾ പകരം ചുമതല കൈമാറണമെന്നാണു ചട്ടം. എന്നാൽ, ഇത്തരത്തിൽ ചുമതല കൈമാറിയിട്ടില്ലെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറയുന്നു. ബഹളമായതോടെ, 23 മുതൽ 27 വരെയാണ് അവധിയെന്നും പകരം ചുമതല പി.എ ടു സെക്രട്ടറിയെ ഏൽപിച്ചതായും വ്യക്തമാക്കുന്ന കത്ത് കാണിച്ചു.
എന്നാൽ, കത്തിൽ സെക്രട്ടറിയുടെ ഒപ്പില്ലെന്നും വിവാദമായപ്പോൾ തയാറാക്കിയതാണെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഇതോടെയാണ് ചെയർപേഴ്സൻ ഇവരുമായി ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം കൗൺസിൽ മിനിറ്റ്സ് നൽകാത്തതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

