കോട്ടയം നഗരസഭയിലെ പെൻഷൻ വിതരണത്തിലെ പാളിച്ച; അഖിൽ മുതലെടുത്തെന്ന് ഓഡിറ്റ് റിപ്പോർട്ട്
text_fieldsകോട്ടയം: നഗരസഭയിൽ പെൻഷൻ സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കാത്തത് സാമ്പത്തിക ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്നതായി 2023-’24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. പെൻഷൻ ഫണ്ട് തട്ടിപ്പിന് സാഹചര്യമൊരുക്കിയത് നഗരസഭയുടെ വീഴ്ചകളാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഓഡിറ്റ് വിഭാഗം. പെൻഷൻ വിതരണത്തിലെ പാളിച്ചകൾ ദുർവിനിയോഗം ചെയ്താണ് മുൻ ക്ലർക്ക് അഖിൽ സി. വർഗീസ് സാമ്പത്തിക ക്രമക്കേട് നടത്തിയതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. മുൻമാസത്തെ ലിസ്റ്റിൽ മാറ്റങ്ങൾ വരുത്തി തൻമാസത്തെ ബിൽ തയാറാക്കുന്ന രീതിയാണ് തുടർന്നുവരുന്നത്.
പെൻഷൻ വിതരണ രജിസ്റ്റർ, പെൻഷൻ വിതരണം സംബന്ധിച്ച വൗച്ചറുകൾ എന്നിവ കൃത്യമായി സൂക്ഷിക്കുന്നില്ല. പെൻഷനർമാരുടെ പേര്, അക്കൗണ്ട് നമ്പർ, തുക എന്നിവ എക്സൽ ഷീറ്റിൽ തയാറാക്കി ആകെ തുകയുടെ ചെക്ക് സഹിതം ബാങ്കിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത് സൂപ്രണ്ട്, സെക്രട്ടറി എന്നിവർ വിശദ പരിശോധന നടത്തിയല്ല അംഗീകരിക്കുന്നത്. ഇപ്രകാരമുള്ള എക്സൽ ഷീറ്റിൽ മേലുദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞ ശേഷവും ബാങ്കിലേക്ക് നൽകുന്നതിനു മുമ്പ് സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന് മാറ്റം വരുത്താനാവും.
പെൻഷൻ വിതരണത്തിന് കേന്ദ്രീകൃത സോഫ്റ്റ്വെയർ സംവിധാനം നിലവിലില്ല. കെ സ്മാർട്ട് സോഫ്റ്റ്വെയറിൽ പെൻഷൻ വിതരണത്തിനുള്ള മൊഡ്യൂൾ സജ്ജമാക്കിയിട്ടില്ല. 400ലേറെ പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന തുകകൾ മാനുവലായി കൂട്ടി ഉറപ്പുവരുത്തുന്നതിൽ മേലുദ്യോഗസഥർക്ക് വീഴ്ച വന്നു. നഗരസഭയിലെ പലവിധ രജിസ്റ്ററുകൾ സൂക്ഷിക്കാൻ ചുമതലപ്പെട്ട സെക്ഷൻ സൂപ്രണ്ടുമാർ ആരും ഫയൽ സൂക്ഷിക്കുന്നില്ലെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തതായും ഓഡിറ്റിൽ പരമാർശമുണ്ട്.
പെൻഷൻ വിതരണം പരിശോധിക്കുന്നതിൽ പരിമിതി
മുൻ ക്ലർക്ക് അഖിൽ സി. വർഗീസ് നടത്തിയ തട്ടിപ്പ് എന്തുകൊണ്ട് വാർഷിക ഓഡിറ്റ് പരിശോധനയിൽ കണ്ടുപിടിക്കപ്പെട്ടില്ല എന്ന് വ്യാപക ആക്ഷേപമുയർന്നിരുന്നു. പെൻഷൻ വിതരണം പരിശോധിക്കുന്നതിൽ ഓഡിറ്റ് വിഭാഗത്തിന്റെ പരിമിതിയും റിപ്പോർട്ടിൽ പറയുന്നു. പെൻഷൻ ഫണ്ട് വൗച്ചർ നമ്പർ, ചെക്ക് നമ്പർ, തീയതി, തുക, ചെലവിനം തുടങ്ങിയ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയ കാഷ് ബുക്കാണ് ഓഡിറ്റ് പരിശോധനക്ക് ലഭ്യമാക്കിയിട്ടുള്ളത്.
വൗച്ചറിലെ ആകെ തുക മാത്രമാണ് ഇതിൽ രേഖപ്പെടുത്തുന്നത്. ബാങ്കിലേക്ക് നൽകുന്ന സ്റ്റേറ്റ്മെന്റും ബാങ്കിൽനിന്ന് ലഭിക്കുന്ന സ്റ്റേറ്റ്മെന്റും ഹാജരാക്കുന്നില്ല. പെൻഷൻ ഫണ്ട് തട്ടിപ്പ് നടന്ന സമയത്തെ രേഖകൾ പുനഃപരിശോധനക്ക് ആവശ്യപ്പെട്ടപ്പോൾ നൽകിയ എക്സൽ ഷീറ്റിൽ അക്കങ്ങൾ ഓവർലാപ്പ് ചെയ്തതതിനാൽ വായിക്കാൻ പറ്റാത്ത വിധമായിരുന്നു. വൗച്ചർ, രജിസ്റ്റർ അനുബന്ധ രേഖകൾ എന്നിവ സൂക്ഷിക്കുന്നതിലെ അപാകതകളും ഓഡിറ്റിന് ഹാജരാക്കുന്നതിലെ വീഴ്ചകളും റിപ്പോർട്ടുകളിൽ പല തവണ സൂചിപ്പിച്ചിട്ടുള്ളതാണ്. പെൻഷൻ വിതരണം കുറ്റമറ്റതാക്കാൻ വേണ്ട നടപടികളും ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

