കോട്ടയം നഗരസഭ; അടിയന്തര കൗൺസിൽ അടിച്ചു പിരിഞ്ഞു
text_fieldsകോട്ടയം: നഗരസഭ അടിയന്തര കൗൺസിൽ യോഗത്തിൽ കൗൺസിലർമാരുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് ചെയർപേഴ്സൻ ഇറങ്ങിപ്പോയി. കുടുംബശ്രീ യോഗത്തിനിടെ പ്രസംഗം നിർത്താൻ പരസ്യമായി ആവശ്യപ്പെട്ടെന്ന ക്ഷേമകാര്യസ്ഥിരം സമിതി ചെയർപേഴ്സന്റെ ആരോപണമാണ് നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യനെ ചൊടിപ്പിച്ചത്. ഇതോടെ മുക്കാൽ മണിക്കൂർ നീണ്ട കൗൺസിൽ യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ബിൻസി സെബാസ്റ്റ്യൻ കാബിനിലേക്കു മടങ്ങുകയായിരുന്നു.
കൈക്കൂലി വാങ്ങുന്നതായി ആരോപണം ഉയർന്ന ഓവർസിയറെ ചെയർപേഴ്സൻ സംരക്ഷിക്കുകയാണെന്ന യു.ഡി.എഫ് കൗൺസിലറുടെ പരാതിയും കൗൺസിലിനെ ബഹളമയമാക്കി. തുടക്കം മുതലേ ചെയർപേഴ്സനും കൗൺസിലർമാരും ഉടക്കിലായിരുന്നു. പെൻഷൻ അപേക്ഷകൾ അടക്കം മുപ്പത് മെയിൻ അജണ്ടകളും രണ്ട് സപ്ലിമെന്ററി അജണ്ടകളുമാണ് ഉണ്ടായിരുന്നത്. പെൻഷൻ അജണ്ടകൾ എടുത്തെങ്കിലും അംഗീകരിക്കാനായില്ല.
ആരുടെ അടിയന്തരം ?
കൗൺസിൽ തുടങ്ങിയ ഉടൻ അടിയന്തരയോഗത്തിനെകുറിച്ചായിരുന്നു തർക്കം. ഇത്രയധികം അജണ്ടകൾ അടിയന്തരമായി വെക്കാമോ എന്നും ഇതിലേതാണ് അടിയന്തരമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ ചോദിച്ചു. അജണ്ടകളുടെ എണ്ണം ചട്ടത്തിൽ പറയുന്നില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. തന്റെ ചോദ്യവും സെക്രട്ടറിയുടെ മറുപടിയും മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്ന് ഷീജ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടാണ് അജണ്ട കിട്ടിയതെന്നും തങ്ങൾക്ക് കാര്യങ്ങൾ പഠിക്കാൻ സമയം കിട്ടിയില്ലെന്നും ഷീജ പറഞ്ഞു.
‘അഴിമതിക്കാരനായ ഓവർസിയറെ ചെയർപേഴ്സൻ സംരക്ഷിക്കുന്നു’
കുമാരനെല്ലൂർ സോണിലെ ഓവർസിയർക്കെതിരെ പരാതി പറഞ്ഞത് യു.ഡി.എഫിലെ കൗൺസിലർ എം.എ. ഷാജിയാണ്. നേരത്തെ കൗൺസിലിൽ ഓവർസിയർക്കെതിരെ ഷാജിയടക്കമുള്ളവർ ആേക്ഷപം ഉന്നയിച്ചിരുന്നു. അഞ്ചുവാർഡുകളുടെ ചുമതലയുണ്ടായിരുന്ന ഓവർസിയർക്ക് ഇതിനുശേഷം ഷാജിയുടേതടക്കം അഞ്ചുവാർഡുകൾ കൂടി നൽകി.
തനിക്കെതിരെ പരാതി പറഞ്ഞ ആളുടെ വാർഡ് ഇപ്പോൾ തന്റെ കൈയിലാണെന്നു പറഞ്ഞ് ഓവർസിയർ ആക്ഷേപിച്ചതായും ഷാജി കൗൺസിൽ യോഗത്തിൽ പറഞ്ഞു. പരാതി പറഞ്ഞ കൗൺസിലറുടെ പേര് ഓവർസിയറെ അറിയിച്ചത് ശരിയായില്ലെന്നും ഷാജി വ്യക്തമാക്കി. ഈ ഓവർസിയർ അഴിമതിക്കാരനാണെന്ന് വ്യാപക പരാതിയുണ്ടെന്ന് മറ്റ് കൗൺസിലർമാരും ആരോപണമുന്നയിച്ചു. ഇയാൾക്ക് മെമ്മോ നൽകണമെന്നും പൊതുജനസമ്പർക്കമില്ലാത്ത ചുമതല നൽകണമെന്നും കൗൺസിലർ എം.പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
‘പ്രസംഗം നിർത്താനാവശ്യപ്പെട്ടു’
ക്ഷേമകാര്യസ്ഥിരം സമിതി ചെയർപേഴ്സനായ എൽ.ഡി.എഫിലെ ദീപമോൾ കുടുംബശ്രീ യോഗത്തിൽ സംസാരിക്കുന്നതു വിലക്കിയെന്ന വിഷയം പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലാണ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം നടന്ന നോർത്ത് സി.ഡി.എസിന്റെ ഓഫിസ് ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം. മുഖ്യപ്രഭാഷകയായ തന്നോട് പ്രസംഗം നിർത്താൻ ചെയർപേഴ്സൻ മൈക്കിലൂടെ ആവശ്യപ്പെട്ടെന്നും ഇത് മോശമായെന്നുമായിരുന്നു ദീപമോളുടെ ആക്ഷേപം.
സർക്കാറിനെ പുകഴ്ത്തിപ്പറഞ്ഞതാണ് ചെയർപേഴ്സന് ഇഷ്ടപ്പെടാതിരുന്നതെന്നും ദീപമോൾ കുറ്റപ്പെടുത്തി. എന്നാൽ സമയം വൈകിയതിനാൽ മറ്റുള്ളവരുടെ ആവശ്യപ്രകാരമാണ് താൻ പ്രസംഗം നിർത്താൻ പറഞ്ഞതെന്ന് ചെയർപേഴ്സൻ വിശദീകരിച്ചു. ഇതേച്ചൊല്ലി ഏറെ നേരം ഷീജ അനിലും ചെയർപേഴ്സനും തമ്മിൽ വാക്കേറ്റമുണ്ടായി. ചെയർപേഴ്സന് അസഹിഷ്ണുതയാണെന്നും ഷീജ അനിൽ ആരോപിച്ചു. അവസാനം ബിൻസി സെബാസ്റ്റ്യൻ ഇറങ്ങിപ്പോവുകയായിരുന്നു.
തർക്കിക്കാൻ വയ്യ; ഇറങ്ങിപ്പോന്നു -ബിൻസി സെബാസ്റ്റ്യൻ, ചെയർപേഴ്സൻ
ആവശ്യമില്ലാത്ത കാര്യങ്ങളിൽ തർക്കിക്കാൻ വയ്യാത്തതുകൊണ്ടാണ് കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്നത്. ഒന്നും നടക്കരുത് എന്നതാണ് ചിലരുടെ ആവശ്യം. റോഡ് വർക്കിൽ ഓവർസിയറുടെ പ്രവർത്തനം മികച്ചതാണെന്നു കണ്ടാണ് കൂടുതൽ വാർഡുകൾ ഏൽപ്പിച്ചത്. പണി നടക്കണമെന്നാണ് കരുതിയത്. പരാതി പറഞ്ഞ കൗൺസിലറുടെ വാർഡ് ഒഴിവാക്കി നൽകിയിരുന്നു.
ഇറങ്ങിപ്പോവുന്നതു ശരിയല്ല -കെ. ശങ്കരൻ, ബി.ജെ.പി കൗൺസിലർ
വ്യക്തിപരമായ വിഷയമുന്നയിച്ചാണ് തർക്കം നടന്നത്. അതിന്റെ പേരിൽ ഇറങ്ങിപ്പോവുന്നതു ശരിയല്ല. കാര്യങ്ങൾ നടക്കാത്ത അവസ്ഥ ഉണ്ടാവരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

