കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം; പേരുകൾ ചർച്ച ചെയ്യാതെ പാർലമെന്‍ററി പാർട്ടി യോഗം
text_fieldsകോട്ടയം നഗരസഭ
കോട്ടയം: മുനിസിപ്പൽ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ചർച്ച ചെയ്യാൻ പാർലമെന്‍ററി പാർട്ടി യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പങ്കെടുത്ത യോഗത്തിൽ ആരുടെയും പേരുകൾ ഉന്നയിക്കപ്പെട്ടില്ല. പേരുകളിലേക്ക് ചർച്ച പോകേണ്ടതില്ലെന്ന് ആദ്യമേ തന്നെ നിർദേശം നൽകിയിരുന്നു. ഒരാൾ തന്നെ അഞ്ചുവർഷവും ഭരിക്കണോ അതോ ഒന്നിലധികം ആളുകൾക്ക് അവസരം നൽകണമോ എന്നതായിരുന്നു ചർച്ചവിഷയം.
വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു. ഇതനുസരിച്ച് നേതൃത്വമായിരിക്കും തീരുമാനമെടുക്കുക. 21നാണ് സത്യപ്രതിജ്ഞ. അതുകഴിഞ്ഞ് 22ന് തീരുമാനവും 25ഓടെ പ്രഖ്യാപനവും ഉണ്ടായേക്കാം. മുൻ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, മുതിർന്ന കൗൺസിലർ ടി.സി. റോയി, ടോം കോര അഞ്ചേരി എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നിട്ടുള്ളത്.
അഞ്ചുവർഷവും ഒരാൾക്കാണ് അവസരം എങ്കിൽ എം.പി. സന്തോഷ് കുമാർ തന്നെ ചെയർമാനാവും. 2015, 2020 കാലഘട്ടങ്ങളിൽ അധ്യക്ഷ സ്ഥാനം പങ്കുവെക്കാതെ കോൺഗ്രസ് ഒറ്റക്കാണ് അഞ്ചുവർഷവും ഭരണം നടത്തിയത്. ഇത്തവണയും ആ സാധ്യത മങ്ങിയിട്ടില്ല. മുനിസിപ്പാലിറ്റിയിൽ 32 സീറ്റാണ് യു.ഡി.എഫ് നേടിയത്.
കോൺഗ്രസ്- 30, കേരള കോൺഗ്രസ്-ഒന്ന്, മുസ്ലിംലീഗ്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കക്ഷികൾക്ക് അധ്യക്ഷ സ്ഥാനം പങ്കുവെക്കേണ്ടതില്ലെങ്കിലും കോൺഗ്രസിനകത്ത് പങ്കുവെപ്പ് വേണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാവും ഐ ഗ്രൂപ്പുകാരനായ ടി.സി. റോയി, ടോം കോര അഞ്ചേരി എന്നിവരുടെ പേരുകൾ ഉയരുന്നത്. മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നാണ്. ഉച്ചക്ക് 2.30ന് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

