മെഡിക്കൽ കോളജ്; മോർച്ചറിയിൽ അനാഥമൃതദേഹങ്ങളേറുന്നു
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ അനാഥമൃതദേഹങ്ങൾ നീക്കം ചെയ്യാൻ കഴിയാതെ ആശുപത്രി അധികൃതർ. 18 ഫ്രീസറാണ് ആകെയുള്ളത്. അതിൽ 16 എണ്ണത്തിലും അനാഥമൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ശേഷിക്കുന്ന രണ്ടെണ്ണത്തിൽ ഒരെണ്ണം വൈകല്യമുള്ളതോ മാസം തികയാതെയുള്ള നവജാതശിശുക്കൾ മരണപ്പെടുമ്പോൾ സൂക്ഷിക്കുന്നതിനാണ്. ഫലത്തിൽ ഒരു ഫ്രീസർ മാത്രമേ അവശേഷിക്കുന്നുള്ളൂ. അപകടത്തിൽപെട്ടോ, വിഷം ഉള്ളിൽ ചെന്നോ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടാൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണം.
അത്തരം സാഹചര്യമുണ്ടായാൽ മൃതദേഹം ഫ്രീസറിൽ വെക്കാൻ കഴിയാതെ വെളിയിൽ സൂക്ഷിക്കേണ്ടി വരും. ഇത് മരണപ്പെടുന്ന ആളുകളുടെ ബന്ധുക്കളും ആശുപത്രി അധികൃതരുമായി വാക്ക്തർക്കത്തിന് കാരണമാകും. രണ്ടാഴ്ച മുമ്പ് അനാഥമൃതദേഹങ്ങൾ ബന്ധുക്കൾ വന്ന് ഏറ്റെടുത്തില്ലെങ്കിൽ ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ജീവനക്കാർ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് അറിയിപ്പ് നൽകുകയും ഈ വിവരം ഔദ്യോഗികമായി ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു.
വിവിധ ജില്ലകളിലുള്ള പൊലീസ് സ്റ്റേഷൻ അതിർത്തികളിൽപെട്ടതിനാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളജ് അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാൽ അറിയിപ്പ് രേഖാമൂലം കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചുവപ്പുനാടയിൽ കുരുങ്ങി അനാഥമൃതദേഹങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, എം.എൽ.സിയുള്ള (മെഡിക്കോ-ലീഗൽ കേസ്) രോഗികൾ മരണപ്പെട്ടാൽ മൃതദേഹം മോർച്ചറിയിലെ ഫ്രീസറിൽ വെക്കാതെ അധികൃതർ ബുദ്ധിമുട്ടുകയും വാക്ക് തർക്കത്തിന് കാരണമാകുകയും ചെയ്യുമെന്നും അനാഥമൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

