കെട്ടിടം പൊളിക്കണോ, പുതുക്കണോ?; ദുരന്തം ഒരുമാസം പിന്നിട്ടു, തീരുമാനം മാത്രമില്ല
text_fieldsകോട്ടയം മെഡിക്കൽ കോളജിലെ ശുചിമുറി കെട്ടിടം തകർന്നുവീണപ്പോൾ (ഫയൽചിത്രം)
കോട്ടയം: ഒരു വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായ സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കിയ കോട്ടയം മെഡിക്കൽകോളജ് കെട്ടിട ദുരന്തം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഇടിഞ്ഞുവീണ കെട്ടിടം പൊളിക്കണോ അതോ പുതുക്കി പണിയണോ എന്ന കാര്യത്തിൽ തീരുമാനമായില്ല.
കെട്ടിടം പൊളിക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും ടോയ്ലെറ്റ് ബ്ലോക്ക് തകർന്ന് വീണ് ബിന്ദുവെന്ന വീട്ടമ്മ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് ഉത്തരവാദി ആരെന്ന ചോദ്യത്തിന് ഉത്തരമില്ല.
കഴിഞ്ഞ ജൂലൈ മൂന്നിന് രാവിലെ 10.45നാണ് പഴയ സർജിക്കൽ ബ്ലോക്കിനോട് ചേർന്ന ശുചിമുറിക്കെട്ടിടം തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന്സ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി.എൻ. വാസവനും വീണ ജോർജും മെഡിക്കൽ കോളജ് അധികൃതരും പറഞ്ഞെങ്കിലും ഉച്ചയോടെ തലയോലപ്പറമ്പ് സ്വദേശിനി ഡി.ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കണ്ടെത്തി.
കുറച്ച് സമയത്തിനുള്ളിൽ അവർ മരിക്കുകയും ചെയ്തു. തുടർന്ന് രക്ഷാപ്രവർത്തനം വൈകിയെന്ന വിമർശനം ഉയർന്നു. അതിന് പിന്നാലെ മെഡിക്കൽ കോളജ് ഉൾപ്പെടെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതി, രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ വലിയ ചർച്ചയായി.
കെട്ടിടം തകരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജില്ലാകലക്ടർ ജോൺ വി. സാമുവൽ നാലാഴ്ചയോളം സമയമെടുത്ത് സമർപ്പിച്ച റിപ്പോർട്ടിലാകട്ടെ കുറ്റക്കാരെ വെള്ളപൂശുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് ബലക്ഷയം സംഭവിച്ചതാണെന്ന പൊതുമരാമത്ത് വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നെന്ന് മന്ത്രി വീണ ജോർജ് ഉൾപ്പെടെ പറഞ്ഞതാണെങ്കിലും കെട്ടിടത്തിന് ബലക്ഷയം ഇല്ലെന്ന നിലയിലാണ് കലക്ടറുടെയുൾപ്പെടെ പുതിയ റിപ്പോർട്ടുകൾ. ഈ ബ്ലോക്ക് നന്നാക്കി വീണ്ടും ഉപയോഗിക്കാമെന്നാണ് കലക്ടറുടെ നിർദേശം.
പഴയ ഓപറേഷൻ തിയറ്റർ സമുച്ചയം, 12, 15 വാർഡുകൾ എന്നിവയുടെ ഭാഗങ്ങൾ പൊളിക്കണമെന്ന് സ്ഥലം സന്ദർശിച്ച ഡി.എം.ഇയും നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായില്ലെന്നും മണ്ണുമാന്തിയന്ത്രം സ്ഥലത്ത് എത്തിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാൻ വൈകിയെന്നുമാണ് കലക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ മന്ത്രിമാരുടെ പ്രസ്താവന രക്ഷാപ്രവർത്തനം വൈകിച്ചതുൾപ്പെടെ കാര്യങ്ങളിൽ കലക്ടർ മൗനം പാലിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയറും ഡിസൈൻ വിഭാഗം ചീഫ് എൻജിനീയറും കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ലാ കെട്ടിടങ്ങളും പരിശോധിച്ചു. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ 1.4 കോടി രൂപയുടെ വാല്യുവേഷനാണ് സമർപ്പിച്ചിട്ടുള്ളത്. ആശുപത്രിയിലെ മറ്റു കെട്ടിടങ്ങളുടെ സാഹചര്യവും അവർ പരിശോധിച്ചിരുന്നു. എന്നിട്ടും പഴയ സർജിക്കൽ ബ്ലോക്ക് ഇനി എന്തു ചെയ്യണമെന്ന കാര്യത്തിൽ അനിശ്ചിതത്വം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

