കോട്ടയം ചൂടേറി ആളിക്കത്തുന്നു
text_fieldsകോട്ടയം: ചൂടിന്റെ കാഠിന്യം വർധിച്ചതോടെ തീപിടിത്തങ്ങളും വർധിക്കുന്നു. കോട്ടയം നഗരത്തോട് ചേർന്ന് നാലിടത്താണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്. ഇതിൽ ചവിട്ടുവരി ഇരുകവലപ്പടിയിലെ പറമ്പിലും തിരുവാതുക്കൽ അമ്പലക്കടവിലും വലിയതോതിൽ തീപടർന്നു. ഭരണങ്ങാനം പഞ്ചായത്ത് രണ്ടാം വാർഡിൽ ഔസേപ്പറമ്പിൽ മൈക്കിൾ മാമ്മന്റെ റബർപുരക്കും ശനിയാഴ്ച തീപിടിച്ചു. ഇതിനു പുറമെ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ തരിശുഭൂമിയിലും തീപിടിത്തമുണ്ടായി. അടിക്കാടുകളും ഉണങ്ങിനിൽക്കുന്ന പുല്ലുമാണ് തുടർച്ചയായി കത്തുന്നത്.
മൂന്നുദിവസത്തിനിടെ 10 സ്ഥലങ്ങളിൽ പടർന്ന തീയാണ് കോട്ടയം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അതിരമ്പുഴ ശ്രീകണ്ഠമംഗലം കുറ്റിയമലയിൽ റബർ തോട്ടത്തിലും തീപിടിത്തമുണ്ടായി. വ്യാഴാഴ്ച മൂന്നിടത്തായിരുന്നു തീപടർന്നത്. ഞായറാഴ്ചയും നഗരത്തോട് ചേർന്ന മൂന്നിടത്ത് തീപിടിത്തമുണ്ടായിരുന്നു. അന്ന് ഏറ്റുമാനൂർ നവോദയ ഭാഗത്ത് ഒരേക്കർ തരിശുഭൂമിയാണ് കത്തിനശിച്ചത്. ചപ്പുചവറുകൾ അശ്രദ്ധമായി കത്തിക്കുന്നതാണ് തീപിടിത്തങ്ങൾക്കും കാരണമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നു. പലരും
ഉച്ചസമയത്താണ് ഇവകത്തിക്കുന്നത്. ഈ സമയത്ത് കാറ്റുള്ളത് തീ ആളിപ്പടരാൻ ഇടയാക്കുന്നു. ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ ബോഡി സ്പ്രേ ഉൾപ്പെടെയുള്ള കുപ്പികൾ ഇതിലുണ്ടെങ്കിൽ ഇവ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ വെള്ളം സമീപത്ത് തന്നെ കരുതണമെന്നും അഗ്നിരക്ഷാസേന പറയുന്നു. വെയിലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾപാർക്ക് ചെയ്യുമ്പോൾ കാറിനുള്ളിൽ മർദം കൂടുന്നത് ഒഴിവാക്കണം. വിൻഡോ ഗ്ലാസ് അൽപം താഴ്ത്തിയിട്ടാൽ ഉള്ളിലെ ചൂട് കുറക്കാം.
അതിനിടെ ജില്ലയിൽ ചൂട് കുറവില്ലാതെ തുടരുകയാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അനുഭവപ്പെട്ടതിനെക്കാൾ പകൽ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യൽസിന്റെ വരെയാണ് വർധന. മാർച്ച്, എപ്രിൽ മാസങ്ങളിലും താപനില ഉയരുമെന്നാണ് സൂചനകൾ. പസഫിക് സമുദ്രത്തിൽ നിലനിൽക്കുന്ന എൽനിനോ പ്രതിഭാസമാണ് അന്തരീക്ഷ താപനില ഉയരാനിടയാക്കുന്നത്. ഇതിനൊപ്പം തെക്കുകിഴക്കൻ അറബിക്കടലിൽ താപനില വർധിച്ചതോടെ അവിടെനിന്ന് കരയിലേക്ക് വീശുന്ന ഉഷ്ണക്കാറ്റും ചൂട് കൂടാൻ കാരണമായിട്ടുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു.
സൂര്യാതപത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ്
കോട്ടയം: ചൂട് കൂടുന്നതിനാല്‍ സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.
സൂര്യാഘാതം എങ്ങനെ
ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്ക്കാന് സാധ്യത കൂടുതല്‍. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാന്‍ തടസ്സം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, തലവേദന, ക്ഷീണം, ബോധക്ഷയം, പേശിവലിവ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
സൂര്യാതപം
സൂര്യാഘാതത്തെക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. വെയിലത്ത് ജോലി ചെയ്യുമ്പോൾ നേരിട്ട് വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങളിൽ പൊള്ളലേൽക്കുന്ന അവസ്ഥയാണ്. ചുവന്ന് തുടുക്കുന്നതിനൊപ്പം നീറ്റലും വേദനയും അനുഭവപ്പെടുകയും ചെയ്യാം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെയുണ്ടാകുന്നത്.
അമിതമായ വിയര്‍പ്പ്, ക്ഷീണം, തലക്കറക്കം, തലവേദന, ഓക്കാനം, ഛർദി, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വെയിലത്ത് ജോലിചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇവ ശ്രദ്ധിക്കാം
- തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം
- നേരിട്ടുള്ള വെയില് ഏല്‍ക്കരുത്. വെയിൽ ഏൽക്കേണ്ടി വരുമ്പോൾ കുടയോ, തൊപ്പിയോ ഉപയോഗിക്കുക
- കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക
- കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
- വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്
- വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുക
- വെയില് ഏല്ക്കാന് സാധ്യതയുള്ളവര്‍ മദ്യവും കഫീനും അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക
- സൂര്യാഘാതം ഏറ്റതായി തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റി, തണുത്ത വെള്ളംകൊണ്ട് ശരീരം തുടക്കുക. ധാരാളം വെള്ളംകുടിക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം
- ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ത്ത് ഹീറ്റ് റാഷ് (ചൂടുകുരു) ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പ്രധാനമായും കുട്ടികളെയാണ്
- ഇത് ബാധിക്കുന്നത്
- ചൂടുകാലത്ത് മറ്റ് പകര്ച്ചവ്യധികള്ക്കും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
അശ്രദ്ധ; തീപടർത്തും
കോട്ടയം: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തീപിടിത്തം തടയാനും പൊള്ളലേൽക്കാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം.
അൽപം ശ്രദ്ധിച്ചാൽ പല തീപിടിത്തങ്ങളും ഒഴിവാക്കാനും പൊള്ളലിൽനിന്ന് രക്ഷനേടാനും സാധിക്കും.
അശ്രദ്ധയോടെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍പോലും വന്‍ തീപിടിത്തത്തിലേക്ക് നയിക്കാറുണ്ട്. പേപ്പർ, ചപ്പുചവറുകൾ, കരിയില അടക്കമുള്ള കൂട്ടിയിട്ട് കത്തിക്കുമ്പോൾ തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. തീയിട്ടശേഷം ഇത് കൃത്യമായി അണക്കാത്തതും അപകടങ്ങളിലേക്ക് നയിക്കാം.
ഷോർട്ട് സർക്യൂട്ടും കാരണമാകാറുണ്ട്. കഠിനമായ ചൂടായതിനാൽ തീ വളരെവേഗം പടർന്നുപിടിക്കും. പുല്ല് അടക്കമുള്ളവയെല്ലാം ഉണങ്ങി നിൽക്കുന്ന സമയമാണെന്ന ബോധ്യം എല്ലാഘട്ടത്തിലുമുണ്ടാകണം.
തീ ശരീരത്തിലേക്ക് പടരാതിക്കാനുള്ള മുൻ കരുതൽ സ്വീകരിക്കണമെന്നും അതോറിറ്റി പറയുന്നു.
പൊള്ളലേറ്റാൽ ശ്രദ്ധിക്കാം ഇവ
- എത്ര ചെറിയതാണെങ്കിലും നിസ്സാരമായി കാണരുത്
- പ്രഥമ ശ്രുശ്രൂഷക്കുശേഷം സമയം നഷ്ടപ്പെടുത്താതെ എത്രയും വേഗം ചികിത്സ നൽകണം
- തീകൂടുതൽ പടരുമെന്നതിനാൽ പരിഭ്രമിച്ച് ഓടരുത്
- തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം ധാരാളമായി ഒഴിക്കുകയോ തണുത്ത വെള്ളത്തിൽ അഞ്ച് -10 മിനിറ്റ് മുക്കിവെക്കുകയോ ചെയ്യണം
- അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. ഇത് രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറയാൻ ഇടയാക്കും. ഇത് കൂടുതൽ പ്രശ്നങ്ങളുണ്ടാകും
- അണുബാധക്ക് കാരണമാകുമെന്നതിനാൽ കുമിളകൾ ഉരക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്
- നെയ്യ്, വെണ്ണ, പൗഡർ, എന്തെങ്കിലും ദ്രാവകം, ഓയിന്റ്മെന്റ്, ലോഷൻ, ടൂത്ത് പോസ്റ്റ് എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്
- പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിക്കുന്ന തരം പഞ്ഞിയോ ബാൻഡേജോ ഒട്ടിക്കരുത്
- ചൂട് പുക ശ്വസിക്കുന്നത് ശ്വാസതടസ്സം ഉണ്ടാകാം
- ശ്വാസതടസ്സം കൂടുതലാണെങ്കിൽ അടിയന്തര ചികിത്സ തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

