അസാധാരണചൂടിൽ കോട്ടയം
text_fieldsകോട്ടയം: അസാധാരണ താപനിലയിൽ ജില്ല. സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ 2.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതൽ ചൂടാണ് കോട്ടയത്ത് നാലുദിവസമായി നിലനിൽക്കുന്നത്.
കണ്ണൂര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില അനുഭവപ്പെടുന്നതും കോട്ടയത്താണ്. 35.5 ഡിഗ്രി സെല്‍ഷ്യസാണ് വെള്ളിയാഴ്ച ജില്ലയിൽ അനുഭവപ്പെട്ട ചൂട്. സാധാരണ ഉയർന്ന താപനില അനുഭവപ്പെടാറുള്ള പാലക്കാടിനെയും പുനലൂരിനെയും കോട്ടയം മറികടക്കുകയും ചെയ്തു. പാലക്കാട്ട് 31 ഡിഗ്രിയും പുനലൂരില്‍ 34 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച 36.8 ഡിഗ്രി സെല്‍ഷ്യസ് വരെയായി കോട്ടയത്ത് ചൂട് ഉയർന്നിരുന്നു. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ നിന്നുള്ള കണക്കു പ്രകാരമാണിത്. എന്നാല്‍, വകുപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയ താപനില 35.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ജനുവരിയിൽ ഇത്രയും ചൂട് അസാധാരണമാണെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ അനുഭവപ്പെട്ട 37 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില.
ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് പകല്‍ താപനില സാധാരണയെക്കാളും ഉയരുന്നത്. രണ്ടാഴ്ച മുമ്പ് മഴ ശക്തമായി പെയ്തതിനു പിന്നാലെയാണ് ചൂട് അതിവേഗം ഉയരുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് കാരണമാകുന്നുണ്ട്. രാത്രിയും പുലർച്ചയും നേരിയ തോതിൽ മഞ്ഞ് അനുഭവപ്പെടുന്നുമുണ്ട്. എന്നാൽ, മലയോരമേഖലകളിൽ പുലർച്ചെ ശക്തമായ തണുപ്പുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പകുതി മുതലാണ് ചൂട് കുതിച്ചുയര്‍ന്നത്. പിന്നീട് മാര്‍ച്ചില്‍ ചൂട് 40 ഡിഗ്രിയിലേക്ക് വരെ എത്തിയിരുന്നു. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ നിന്നുള്ള കണക്കു പ്രകാരമായിരുന്നു ചൂട് 40 ഡിഗ്രി കടന്നതായി കണക്കാക്കിയത്. പിന്നീട് മഴ ശക്തമായതോടെയാണ് ആശ്വാസമായത്. ഈ വര്‍ഷവും ചൂട് വര്‍ധിക്കുമെന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥാ നിരീക്ഷകര്‍. അതിനിടെ, വരുംദിവസങ്ങളില്‍ ചക്രവാതച്ചുഴിയുടെ സ്വാധീനത്തെത്തുടര്‍ന്ന് മഴ പെയ്യുമെന്നും പ്രവചനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

