കേന്ദ്ര ബജറ്റിൽ കോട്ടയത്തിന് നിരാശ; റബറിന് കൈത്താങ്ങില്ല; അവഗണന തന്നെ
text_fieldsകോട്ടയം: കേന്ദ്ര ബജറ്റിൽ കേരളത്തിനൊപ്പം ജില്ലക്കും നിരാശ. കോട്ടയംകാരനായ ജോര്‍ജ് കുര്യന് കേന്ദ്രമന്ത്രിസഭയിലുണ്ടെന്നത് പ്രതീക്ഷ വര്‍ധിപ്പിച്ചെങ്കിലും പദ്ധതികളൊന്നുമില്ല. റബർ മേഖലക്ക് ഉണർവാകുന്ന പ്രഖ്യാപനത്തിനായി ജില്ല കാത്തിരുന്നെങ്കിലും നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ പരാമർശമൊന്നുമുണ്ടായില്ല.
വർഷങ്ങളായി ജില്ലയുടെ മലയോരമേഖല കാത്തിരിക്കുന്ന ശബരി റെയില്‍പാതയിലും പരാമര്‍ശമൊന്നുമുണ്ടായില്ല. വിമാനത്താവളവും ബജറ്റ് പ്രസംഗത്തിൽ ഇടംപിടിച്ചില്ല. ഐ.ഐ.ഐ.ടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്യൂണിക്കേഷന്‍, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിങ്ങനെയുള്ള കേന്ദ്രസ്ഥാപനങ്ങള്‍ രണ്ടാം ഘട്ട വികസനത്തിനായി കാത്തിരിക്കുകയായിരുന്നു. അനുകൂല നടപടികളുണ്ടായില്ല.
കുമരകം ഉള്‍പ്പെടുന്ന വിനോദ സഞ്ചാര മേഖലക്കും പരിഗണനയുണ്ടായില്ല. കേന്ദ്രത്തിന്റെ കൈതാങ്ങുണ്ടായിരുന്നെങ്കിൽ ആഗോളവിനോദ സഞ്ചാരമേഖലയില്‍ കായല്‍ ടൂറിസത്തിന് തിളങ്ങാൻ കഴിയുമായിരുന്നുവെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത്തരത്തിലുള്ള പ്രത്യേക പദ്ധതിയൊന്നും കുമരകത്തിനായി മുന്നോട്ടുവെച്ചിട്ടില്ല.
വന്യജീവി ആക്രമണം തടയുന്നതിന്1000 കോടിയുടെ പദ്ധതിയാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചത്. എന്നാൽ, ഒരു രൂപ പോലും ഇതിനായി ബജറ്റില്‍ നീക്കിവെച്ചിട്ടില്ല. ഇതിനായി തുക നീക്കിവെച്ചിരുന്നെങ്കിൽ ജില്ലയുടെ മലയോരമേഖലക്കും ഗുണകരമാകുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

