വിഷപ്പുഴകൾക്ക് നടുവിൽ കോട്ടയം
text_fieldsകോട്ടയം മാർക്കറ്റ് റോഡിന് സമീപത്തെ തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ
കോട്ടയം: നഗരം ഇപ്പോൾ കാളിന്ദിയുടെ നടുവിലാണ്. വിഷമൊഴുകുന്ന ജലാശയങ്ങളാൽ ചുറ്റപ്പെട്ട നഗരമായി മാറി കോട്ടയം. കൊടൂരാർ, മീനന്തറയാർ, മീനച്ചിലാർ തുടങ്ങിയ നദികൾ വിഷമയമായിട്ടും നടപടിയെടുക്കാതെ മുഖം തിരിക്കുകയാണ് നഗരസഭയും മലിനീകരണ നിയന്ത്രണ ബോർഡും.
നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ഓടകളിലൂടെ വീട്ടുമാലിന്യങ്ങളും സ്വകാര്യ ഹോട്ടലുകളിലെ കക്കൂസ് മാലിന്യങ്ങളും മാർക്കറ്റുകളിൽനിന്ന് ഒഴുകുന്ന മലിനജലവും ആശുപത്രി മാലിന്യങ്ങളും പുഴകളിലേക്ക് നിർബാധം തള്ളുന്നതാണ് വിഷമൊഴുക്കിന് കാരണം. വെള്ളത്തിന്റെ സാമ്പിൾ പരിശോധനയിൽ അമിത തോതിൽ അമ്ലത്വം കണ്ടെത്തിയെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പത്ത് മടങ്ങായതായും കണ്ടെത്തിയിട്ടുണ്ട്.
മീനച്ചിലാർ ഒഴുകുന്ന നട്ടാശ്ശേരി, കൊശമറ്റം, ചുങ്കം, വട്ടമൂട് കൂടാതെ താഴത്തങ്ങാടി, തിരുവാർപ്പ് പ്രദേശങ്ങളിലെ വീടുകളിലെ ജലസ്രോതസ്സുകൾ മലിനമായി. ആമ്പൽവസന്തം നടക്കുന്ന മലരിക്കൽ പ്രദേശത്തേക്കും മീനച്ചിലാറിലെ മാലിന്യങ്ങൾ ഒഴുകിയെത്തുന്നുണ്ട്. ഇവിടെ മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ സാംക്രമികരോഗങ്ങൾക്കും ചെവിക്ക് അണുബാധ പോലുള്ള രോഗാവസ്ഥക്കും സാധ്യതയുണ്ട്.
കൊടൂരാർ, മീനന്തറയാർ, മീനച്ചിലാർ എന്നീ ആറുകളിലേക്കാണ് നഗരസഭയിലെ മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. നഗരത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ മാലിന്യങ്ങൾ കൊടൂരാറ്റിലേക്കും വടക്ക് ഭാഗത്തേത് മീനച്ചിലാറിലേക്കുമാണ് ഒഴുകിയെത്തുന്നത്. കഞ്ഞിക്കുഴി പ്രദേശങ്ങളിലെ മാലിന്യങ്ങൾ തോട്ടിലൂടെ മീനന്തറയാറിലും കലക്ട്രേറ്റ്, ചന്തക്കവല ഭാഗങ്ങളിലെ മാലിന്യങ്ങൾ മീനച്ചിലാറിലേക്കും എത്തുന്നു. ബസ് സ്റ്റാൻഡിന് സമീപത്തെ കക്കൂസ് മാലിന്യമുൾപ്പെടെ ഒഴുകിയെത്തുന്നതും ഇവിടേക്കാണ്.
നെഹ്റു സ്റ്റേഡിയം, ബേക്കർഹിൽസ് ഭാഗങ്ങളിലെ സ്വകാര്യ ബാർ ഹോട്ടലിലെ അടക്കമുള്ള മാലിന്യങ്ങൾ ഓടകളിലൂടെ എത്തുന്നത് മുണ്ടാറിലേക്കാണ്. നാല് ഏക്കറോളം വിസ്തൃതിയുള്ള മുണ്ടാർ പായലും പോളയും മൂടി ചതുപ്പിന് സമാനമായി. പെരുമ്പാമ്പ് അടക്കം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. ഈരയിൽകടവ്, കോടിമത, സെൻട്രൽ ജങ്ഷൻ, ഭാരത് ഹോസ്പിറ്റൽ പ്രദേശങ്ങളിലെ മാലിന്യങ്ങൾ കൊടൂരാറിലേക്കും എത്തുന്നു.
ജലത്തിലെ മീഥൈനിന്റെ സാന്നിധ്യം ഓക്സിജന്റെ അളവ് ക്രമാതീതമായി കുറക്കാനിടയാക്കുന്നു. ഇത് മത്സ്യസമ്പത്തിനെ ബാധിക്കും. ജൈവാംശം വർധിക്കുന്നതിലൂടെയാണ് മീഥൈൻ ഉണ്ടാകുന്നത്. മീനന്തറയാറിലെ ജൈവാംശം വർധിച്ചതോടെ മത്സ്യസമ്പത്ത് കുറഞ്ഞതായാണ് പഠനറിപ്പോർട്ട്. ഇറഞ്ഞാൽ മുതൽ നാഗമ്പടം വരെ ഭാഗങ്ങളിലെ മത്സ്യങ്ങൾ പൊതുവെ കുറഞ്ഞിട്ടുണ്ട്.
പ്രധാന മത്സ്യപ്രജനന കേന്ദ്രമാണ് മീനന്തറയാർ. ആറ്റുമീനുകൾ കുറയാൻ പ്രധാനകാരണം ജലാശയങ്ങളിലെ മലിനീകരണമാണ്. ഹരിതകേരള മിഷന്റെ നേതൃത്വത്തിലുള്ള എഞ്ചിനീയർമാരുടെ സംഘം നടത്തിയ പഠനത്തെ തുടർന്ന് കേന്ദ്രീകരണ മാലിന്യസംസ്കരണം ആരംഭിക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല. ഇതിനോട് മുഖംതിരിക്കുകയാണ് നഗരസഭ ചെയ്തത്. നാഗമ്പടം പഴയപാലത്തിന് സമീപം സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ സൗകര്യമുണ്ടെങ്കിലും ആരും മുൻകൈയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതിഷേധ ധർണ ഇന്ന്
മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുമ്പിൽ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ഗ്രീൻ കമ്യൂണിറ്റി നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10.30ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി.എൻ.തങ്കച്ചൻ അധ്യക്ഷത വഹിക്കും. വ്യക്ഷവൈദ്യനും പരിസ്ഥിതി പ്രവർത്തകനുമായ കെ.ബിനു ഉദ്ഘാടനം ചെയ്യും.
മീനച്ചിലാറ്റിലേക്ക് നഗരമാലിന്യങ്ങൾ നിക്ഷേപിക്കുന്ന നഗരസഭക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത മലിനീകരണ നിയന്ത്രണ ബോർഡ് അധികാരികളുടെ അനാസ്ഥക്ക് എതിരെയാണു പ്രതിഷേധം. പി.ജി.ഗോപാലകൃഷ്ണൻ, ബിജു കന്നുകുഴി, അജയ് നീലംപേരൂർ, വിനു ശേഖർ, ജോസ് ചമ്പക്കര, ബേബി കുഴിയാണിമറ്റം, ഡോ. എൻ.വി.ശശിധരൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

