ഐ.പി.എൽ ലഹരിയിലേക്ക് കോട്ടയം; ഇന്ന് ‘ആദ്യ പോരാട്ട’ത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും
text_fieldsപ്രതീകാത്മക ചിത്രം
കോട്ടയം: ഐ.പി.എല്ലിന്റെ ആവേശ ലഹരിയിലേക്ക് കോട്ടയവും പാഡ് കെട്ടിയിറങ്ങുന്നു. ട്വന്റി20യിലെ താരരാജാക്കന്മാർ കൊമ്പുകോർക്കുന്ന ഐ.പി.എല്ലിന്റെ ആഹ്ലാദപ്പൂരത്തിന് ശനിയാഴ്ച അക്ഷരനഗരിയിൽ അമിട്ട് പൊട്ടും. ബി.സി.സി.ഐ നേരിട്ടു നടത്തുന്ന സംസ്ഥാനത്തെ ഏക ഫാൻ പാർക്കായി മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ മൈതാനി ആയിരങ്ങൾക്ക് ആവേശ ഗാലറിയാവും.
സ്റ്റേഡിയത്തിനു സമാനമായി പ്രത്യേകം സജ്ജീകരിച്ച മൈതാനിയിൽ കുറ്റൻ എൽ.ഇ.ഡി സ്ക്രീനിൽ മത്സരങ്ങൾ തത്സമയം കാണാം. പ്രവേശനം സൗജന്യം. അയ്യായിരത്തിലധികം കാണികൾക്ക് ഒരേസമയം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള വിപുല സൗകര്യമാണ് ബി.സി.സി.ഐ ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
മത്സരപ്രദര്ശനത്തിനപ്പുറം കാര്‍ണിവല്‍ മൂഡാണ് ഫാന്‍ പാര്‍ക്കില്‍ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്.
വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍, സംഗീത വിരുന്നുകള്‍, കുട്ടികള്‍ക്കായുള്ള പ്ലേ സോണുകള്‍ എന്നിവക്കു പുറമെ ആരാധകര്‍ക്ക് കായിക മികവ് തെളിയിക്കാന്‍ വെര്‍ച്വല്‍ ബാറ്റിങ് സോണുകളും ബൗളിങ് നെറ്റുകളും സജ്ജമാണ്. ശനിയാഴ്ച ആദ്യ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഡല്‍ഹി കാപിറ്റല്‍സിനെയും രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും. ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന് റോയല്‍സുമായും രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സ് ലഖ്നോ സൂപ്പര്‍ ജയന്റ്സുമായും ഏറ്റുമുട്ടും.
ഉച്ചകഴിഞ്ഞ് 2.30 മുതല്‍ പ്രവേശനം അനുവദിക്കും. പരിസ്ഥിതി സംരക്ഷണത്തിനു മുന്‍തൂക്കം നല്കി പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഫാന്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം. പരിസര മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പിവെള്ളത്തിനു മൈതാനത്തിനകത്ത് കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാർത്തസമ്മേളനത്തില്‍ ബി.സി.സി.ഐ സെക്രട്ടറി ഇര്ഫാന് ദാദന്‍, ജില്ല ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എം.കെ. ഹരികൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

