ഡിജിറ്റൽ കോട്ടയം പദ്ധതി: നേട്ടവുമായി ജില്ല
text_fieldsകോട്ടയം: സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി കോട്ടയം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എസ്.എൽ.ബി.സി കേരളയുടെയും ആഭിമുഖ്യത്തിൽ ജില്ല ഭരണകൂടത്തിന്റെ സഹകരണത്തോടെ കോട്ടയം ലീഡ് ബാങ്ക് നടപ്പാക്കിയ ഡിജിറ്റൽ കോട്ടയം പദ്ധതിക്ക് പരിസമാപ്തിയായി. തൃശൂർ ജില്ലയാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്.
ജില്ലയിലെ വിവിധ ബാങ്കുകളിലെ 50 ലക്ഷത്തോളം വരുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളെയും 70,000 ത്തോളം വ്യവസായിക അക്കൗണ്ടുകളെയും ഏതെങ്കിലും ഒരു ഡിജിറ്റൽ സേവനം ഉപയോഗിക്കാൻ പര്യാപ്തമാകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
കഴിഞ്ഞ ഒക്ടോബറിൽ തുടക്കം കുറിച്ച ഈ പദ്ധതി മുഖേന ജില്ലയിലെ വിവിധയിടങ്ങളിൽ 750ൽപരം ഡിജിറ്റൽ ബോധവത്കരണ ക്യാമ്പുകൾ ലീഡ് ബാങ്കിന്റെയും എഫ്.എൽ.സി യുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. തികച്ചും സുരക്ഷിതമായ രീതിയിൽ ഡിജിറ്റൽ സേവനങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പൊതുജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ഈ ക്യാമ്പുകളുടെ ലക്ഷ്യം. ചെറുകിട-തെരുവോര കച്ചവടക്കാർ, ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികൾ, എന്നിങ്ങനെ ചെറിയ തുകകൾ കൈമാറ്റം ചെയ്യുന്ന ഒരുവലിയ സമൂഹത്തെ ആധുനിക പണമിടപാട് മാർഗങ്ങളിലേക്ക് കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.
പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ കൃത്യമായ ഇടവേളകളിൽ വിശകലനം ചെയ്യുകയും, ഈ മാസം നടന്ന അവലോകന യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. വ്യാഴാഴ്ച കെ.പി.എസ് മേനോൻ ഹാളിൽ കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൽ.ബി.സി കൺവീനറും കനറാ ബാങ്ക് ജനറൽ മാനേജരുമായ എസ്. പ്രേംകുമാർ ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജനൽ ഡയറക്ടർ റീനി അജിത്ത് എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്ത്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ സെഡ്റിക് ലോറൻസ്, എസ്.ബി.ഐ ജനറൽ മാനേജർ വന്ദന മെഹറോത്ര, എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സുരേഷ് വാക്കിയിൽ, സന്തോഷ്.എസ് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് മിനിമോൾ ലിസ് തോമസ്, നബാർഡ് ഡി.ഡി.എം റെജി വർഗീസ്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജനൽ മാനേജർ ജയദേവ് നായർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം എൽ.ഡി.ഒ കാർത്തിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

