കോട്ടയം ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും
text_fieldsകോട്ടയം: അക്ഷരനഗരിയുടെ പകലിരവുകൾക്ക് ലോകസിനിമയുടെ വലിയ കാൻവാസൊരുക്കിയ ചലച്ചിത്രമേളക്ക് ചൊവ്വാഴ്ച കൊടിയിറക്കം. ചലച്ചിത്ര ആരാധകരെ അഞ്ചുദിവസം ആവേശത്തിലാഴ്ത്തിയ മേളയുടെ സമാപന പരിപാടികൾ വൈകീട്ട് അഞ്ചിന് അനശ്വര തിയറ്റിൽ നടക്കും. ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 39 സിനിമകളാണ് മേളയിൽ നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർശിപ്പിച്ചത്.
സുവർണ ചകോരം നേടിയ ബൊളീവിയൻ ചിത്രം ഉതമ, ഫിറാസ് കൗരി സംവിധാനം ചെയ്ത ആലം, സ്പാനിഷ് ചിത്രം പ്രിസൺ 77, ഡാരൺ അർണോഫ്സ്കിയുടെ ദ വെയ്ൽ, ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്സ്, മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം തുടങ്ങിയവയെല്ലാം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. വൈകുന്നേരങ്ങളിൽ നടന്ന ഓപൺ ഫോറത്തിലും ചലച്ചിത്ര പ്രേമികളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായത്.
മേളക്ക് നിറം പകരാനായി തമ്പിൽ അരങ്ങേറിയ കലാപരിപാടികളും ആകർഷകമായി. അനശ്വര, ആഷ തിയറ്ററുകൾ, സി.എം.എസ്. കോളജ് എന്നിവിടങ്ങളിലായിരുന്നു ചലച്ചിത്ര പ്രദർനം. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് കോട്ടയത്തെ ആദ്യ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

