കോട്ടയം ജില്ല കലോത്സവം; ആധിപത്യം അരക്കിട്ടുറപ്പിച്ച് കോട്ടയം ഈസ്റ്റ് ഉപജില്ല
text_fieldsജില്ല സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ എം.ജി.എം എൻ.എസ്.എസ്
എച്ച്.എസ്.എസ് ളാക്കാട്ടൂർ
കോട്ടയം: കലയുടെ തട്ടകത്തിൽ ഒരിക്കൽ കൂടി ആധിപത്യം അരക്കിട്ടുറപ്പിച്ച് 36ാമത് ജില്ല കലോത്സവത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. നാലുനാൾ നീണ്ട കലാമാമാങ്കത്തിൽ 891 പോയന്റുമായാണ് ഈസ്റ്റ് കലാകിരീടം നിലനിർത്തിയത്.
മുൻകാലങ്ങളിലെ പോലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന കുതിപ്പായിരുന്നില്ലെങ്കിലും ആദ്യ ദിനം മുതൽ മുന്നിൽ തന്നെ നിലയുറപ്പിച്ചായിരുന്നു ഈസ്റ്റിന്റെ പടയോട്ടം. 844 പോയന്റുമായി ചങ്ങനാശ്ശേരി ഉപജില്ല രണ്ടാമതായി. ഏറ്റുമാനൂർ 786 പോയന്റുമായി മൂന്നാം സ്ഥാനം പിടിച്ചു. പാമ്പാടി 730 പോയന്റും കാഞ്ഞിരപ്പള്ളി 722 പോയന്റും നേടി.
പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസാണ് ഏറ്റവും കൂടുതൽ പോയന്റ് നേടിയ സ്കൂൾ. 294 പോയന്റ് നേട്ടത്തോടെയാണ് തുടർച്ചയായ 24ാം വർഷവും ളാക്കാട്ടൂരുകാർ ഓവറോൾ ചാമ്പ്യനായത്. 283 പോയന്റുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് രണ്ടാമതെത്തി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ് എച്ച്.എസ്.എസാണ് 166 പോയന്റുമായി ഒന്നാമതെത്തിയത്. ഹൈസ്കൂൾ വിഭാഗത്തിൽ 126 പോയന്റ് നേടിയ നെടുങ്കുന്നം സെന്റ് തെരേസാസ് ജി.എസ്.എസ് ഒന്നാമതെത്തി. യു.പി സംസ്കൃതോത്സവത്തിൽ പൂവരണി ഗവ. യു.പി സ്കൂളും എച്ച്.എസ് സംസ്കൃതോത്സവത്തിൽ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസുമാണ് ചാമ്പ്യന്മാരായത്.
യു.പി അറബിക് കലോത്സവത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസും ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസും ചാമ്പ്യന്മാരായി.
കിരീടം കൈവിടാതെ ളാക്കാട്ടൂർ
ജില്ല സ്കൂൾ കലോത്സവത്തിലെ ഓവറോൾ കിരീടം കൈവിടാതെ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ്. 24ാമത്തെ തവണയാണ് സ്കൂൾ കിരീടം നിലനിർത്തുന്നത്. മത്സരിച്ച 63 ഇനങ്ങളിലായി 294 പോയന്റാണ് സ്കൂൾ വാരിക്കൂട്ടിയത്. ഇതോടൊപ്പം ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ അഞ്ചാംതവണയും ഓവറോൾ നിലനിർത്തി. 86 പോയന്റാണ് സംസ്കൃതോത്സവത്തിൽ നേടിയത്.
( റിപ്പോർട്ട്: കെ.എ. സൈഫുദ്ദീൻ, ഷീബ ഷൺമുഖൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

