കോട്ടയം ജില്ലയിലേക്ക് വരുന്നു ‘മിൽമ റിഫ്രഷ്’ ഭക്ഷണശാല ശൃംഖല
text_fieldsകോട്ടയം: ‘മിൽമ റിഫ്രഷ്’ പേരിൽ മിൽമ ആരംഭിക്കുന്ന ഭക്ഷണശാല ശൃംഖല ജില്ലയിലേക്കും. ഇതിന് ജില്ലയിലെ സംരംഭകരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഇതിനൊപ്പം കോട്ടയത്തെ വടവാതൂർ ഡെയറിയോട് ചേർന്ന് മിൽമ നേരിട്ടും ഭക്ഷണശാല ആരംഭിക്കും. ഇതിനായി വടവാതൂർ ഡെയറിയിലെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുകയാണ്. കെട്ടിടമടക്കം സജ്ജമാക്കിയശേഷം ഭക്ഷണശാല നടത്തിപ്പിന് കരാർ വിളിക്കും.
സുരക്ഷിതവും രുചികരവുമായ ഭക്ഷണ വിഭവങ്ങൾ മിൽമയുടെ നേതൃത്വത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് മിൽമ റിഫ്രഷിന് എറണാകുളം മേഖല യൂനിയൻ തുടക്കമിട്ടത്. തൃശൂർ എം.ജി റോഡിൽ കോട്ടപ്പുറത്ത് ആദ്യ ഭക്ഷണശാല ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. ടീ പോയന്റ്, സൂപ്പർമാർക്കറ്റോട് കൂടിയ റസ്റ്റാന്റ് എന്നിങ്ങനെ രണ്ട് തരത്തിലുള്ളവക്കാണ് മിൽമ അപേക്ഷ ക്ഷണിച്ചത്. മിൽമയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് മിൽമ റിഫ്രഷ് യൂനിറ്റുകൾ ആരംഭിക്കാൻ താൽപര്യമുള്ള സംരംഭകർക്ക് ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നതെന്ന് മിൽമ അധികൃതർ അറിയിച്ചു.
ടീ പോയന്റുകളിൽ പാൽ, ഐസ്ക്രീം അടക്കമുള്ള മിൽമ ഉൽപന്നങ്ങളും ലഭിക്കും. ചായ- കാപ്പി എന്നിവക്കൊപ്പം ചെറുകടികളുമുണ്ടാകും. ഇത്തരം ടീ പോയന്റുകളിൽ മിൽമയുടെ പാൽ ഉപയോഗിക്കണമെന്ന് നിർബന്ധമാണ്. ഏകീകൃത നിറവും രൂപവുമായിരിക്കും ഇത്തരം ടീ പോയന്റുകൾക്ക്. ഇവയുടെ കളർ കോഡുകളടക്കം മിൽമയുടെ നേതൃത്വത്തിലാകും ഒരുക്കുക.
മിൽമയുടെ പാൽ, തൈര്, പനീർ, ബട്ടർ നെയ്യ്, ഐസ്ക്രീം തുടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിച്ച് സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വെജിറ്റേറിയൻ വിഭവങ്ങൾ തയാറാക്കി വിളമ്പുന്നതാകും വെജിറ്റേറിയൻ റസ്റ്റാറന്റ്. ഇതിനൊപ്പം ജ്യൂസ്, ഷെയ്ക്ക് പോയന്റ്, ഐസ്ക്രീം പാർലറും, മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സൂപ്പർമാർക്കറ്റുമുണ്ടാകും.
രാവിലെ ആറുമുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന ഔട്ട്ലറ്റിലെ ജീവനക്കാർക്ക് മിൽമ ബ്രാൻഡഡ് യൂനിഫോം, തൊപ്പികൾ എന്നിവയുണ്ടാകും. മിൽ പാൽ ഉപയോഗിക്കുന്നതിനൊപ്പം മറ്റ് ഭക്ഷവസ്തുകൾക്ക് ഗുണനിലവാരം ഉറപ്പാക്കണമെന്നുമാണ് നിബന്ധന. ഭക്ഷണത്തിന് ഉപയോഗിക്കുന്ന ചേരുവകൾ എത് ബ്രാൻഡിന്റെയാണെന്ന് അതത് മിൽമ ഡെയറിയെ അറിയിക്കണം.
റസ്റ്റാറന്റിൽ ഉപയോഗിക്കുന്ന പ്ലേറ്റ്, ഗ്ലാസ് എന്നിവയിൽ മിൽമയുടെ പേരും ചിഹ്നവും ഉണ്ടായിരിക്കും. മിൽമ നിർദേശിക്കുന്ന യൂനിഫോം കരാറുകാരൻ-ജീവനക്കാർ ഡ്യൂട്ടി സമയത്ത് ധരിക്കണം. പഴകിയതും മായം കലർന്നതുമായ ഭക്ഷണ പദാർഥങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്നും മിൽമ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

