കോട്ടയം ജില്ല പഞ്ചായത്ത് ബജറ്റ്: സേവ് കോട്ടയം, സേഫ് കോട്ടയം
text_fieldsജില്ല പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ അവതരിപ്പിക്കുന്നു
കോട്ടയം: സ്ത്രീ സുരക്ഷക്ക് ‘സേഫ് കോട്ടയം’, പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന് ‘സേവ് കോട്ടയം’ പദ്ധതികൾ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത് ബജറ്റ്. 123.92 കോടി വരവും 119.92 കോടി ചെലവും നാലുകോടി മിച്ചവുമുള്ള ബജറ്റാണ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ അവതരിപ്പിച്ചത്. തുടർച്ചയായ പ്രളയം, ഉരുൾപൊട്ടലുകൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാർഷികമേഖലയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ കാർഷിക ഗവേഷണത്തിനും കാലാവസ്ഥ വ്യതിയാന പഠനത്തിനുമായി ജില്ലയിൽ പഠന ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്നാണ് പ്രധാന പ്രഖ്യാപനം.ജില്ലയിലെത്തുന്നവർക്കൊപ്പം ജില്ലയിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും നിർഭയം തങ്ങാൻ കുടുംബശ്രീയുമായി സഹകരിച്ച് ജില്ല കേന്ദ്രത്തിലും ബ്ലോക്ക് തലത്തിലും നിർഭയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന (ഷീ ഹോസ്റ്റൽ ) പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചു.
പൊതുഇടങ്ങൾ, ആധുനിക വായനശാലകൾ, നൂതന കൃഷിയിടങ്ങൾ. തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ, വില്ലേജ് ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യുവജന പങ്കാളിത്തത്തോടെ ലഹരിമുക്ത പ്രവർത്തനങ്ങൾ നടത്തും. കയർ, ഖാദി, നെയ്ത്ത്, മത്സ്യം, തനത് ഭക്ഷണരീതികൾ ഉൾപ്പെടെയുള്ള ജില്ലയിലെ പരമ്പരാഗത ചെറുകിട തൊഴിൽ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും വിപണനസാധ്യതകൾ ഉറപ്പുവരുത്തുന്നതിനുമായി പൈതൃകം ഗ്രാമോത്സവം പദ്ധതി, ഉത്തരവാദിത്ത ടൂറിസം മിഷനുമായി സഹകരിച്ച് ജില്ല പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിൽ ഗ്രാമീണ ടൂറിസം പദ്ധതി എന്നിവയും ബജറ്റിലുണ്ട്.
ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിനും തീർഥാടകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ശബരിമല തീർഥാടന കവാടമായ എരുമേലിയിലും അൽഫോൻസ തീർഥാടനകേന്ദ്രമായ ഭരണങ്ങാനത്തും പിൽഗ്രിം ടൂറിസം ഡെസ്റ്റിനേഷൻ, കോലാഹലമേട് വിനോദഞ്ചാരകേന്ദ്രത്തിൽ യുവജനക്ഷേമ ബോർഡുമായി ചേർന്ന് ഫ്ലയിങ് ഫെസ്റ്റ് സംഘടിപ്പിക്കും. ഒപ്പം പാരാഗ്ലൈഡിങ് അക്കാദമി ആരംഭിക്കുന്നതിനായി പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ബജറ്റിൽ പറയുന്നു.
കോലാഹലമേട്, മുതുകോര, ഇളംകാട് തുടങ്ങി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി റോപ് വേ ടൂറിസം പദ്ധതിയുടെ സാധ്യതാപഠനത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജില്ലയെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന മൊബൈൽ ലാബ്, എല്ലാ ആശുപത്രികളിലും ഡയാലിസിസ് സെന്റർ, വീടുകളിൽ ഒറ്റക്കാവുന്ന മാതാപിതാക്കളുടെ സേവനത്തിനായി ‘അരികെ’ എന്ന പേരിൽ ജില്ല ആശുപത്രിയുമായി സഹകരിച്ച് പദ്ധതി എന്നിവയും നടപ്പാക്കും.
അംഗപരിമിതരായ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനും അവരെ പൊതുയിടങ്ങളിലേക്ക് ഇറക്കാനും കഴിയുന്ന ഇലക്ട്രോണിക് വീൽചെയറുകൾ സാമൂഹികസുരക്ഷ പദ്ധതിയുടെ ഭാഗമായി നൽകും. കുട്ടികളിലെ വായനശീലം വളർത്തുന്നതിനായി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള വായനശാലകൾക്ക് ലാപ്ടോപ്, സ്ക്രീൻ, പ്രൊജക്ടർ, നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ധനസഹായം നൽകും.
മുട്ടക്കും മാംസത്തിനുമായി കോഴി വളർത്തൽ, ക്ഷീരോൽപാദനം വർധന എന്നിവയുടെ ഭാഗമായി പക്ഷികളുടെയും മൃഗങ്ങളുടെയും സംരക്ഷണം ലക്ഷ്യമിട്ട് കാമധേനു പദ്ധതി പ്രകാരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ തുറക്കുമെന്നും ബജറ്റിൽ പറയുന്നു.
പ്രധാന പദ്ധതികൾ
•‘പൈതൃകം’ ഗ്രാമോത്സവം പദ്ധതി
•ജില്ല കേന്ദ്രത്തിലും ബ്ലോക്ക് തലത്തിലും ഷീ ഹോസ്റ്റൽ
•യുവജന പങ്കാളിത്തത്തോടെ ലഹരിമുക്ത പ്രവർത്തനങ്ങൾ
•പിൽഗ്രിം ടൂറിസം ഡെസ്റ്റിനേഷൻ
•ഫ്ലയിങ് ഫെസ്റ്റ്, പാരാഗ്ലൈഡിങ് അക്കാദമി
•മൊബൈൽ ലാബ്, എല്ലാ ആശുപത്രികളിലും ഡയാലിസിസ് സെന്റർ
•വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

