വീർപ്പുമുട്ടി കോട്ടയം ജില്ല ജയിൽ മണിമലയിൽ സ്ഥലം തേടി
text_fieldsകോട്ടയം: സ്ഥലസൗകര്യമില്ലാതെ വലയുന്ന ജില്ല ജയിൽ മാറ്റാൻ മണിമലയിൽ റബർബോർഡിന്റെ കൈവശമുള്ള ഭൂമി ആവശ്യപ്പെട്ട് ജയിൽ അധികൃതർ. സർക്കാർ റബർബോർഡിന് ലീസിന് നൽകിയ ഭൂമിയാണിത്.
ഇതിൽനിന്ന് അഞ്ചേക്കറാണ് ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് സർക്കാറിന് കത്തു നൽകി. നിലവിൽ ഭൂമിയുടെ ലീസ് കാലാവധി അവസാനിക്കാറായി. എന്നാൽ, റബർ നഴ്സറി പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ലീസ് റബർബോർഡ് പുതുക്കുമെന്നാണ് വിവരം. നേരത്തേ നാട്ടകം സിമന്റ്സിന്റെ സ്ഥലവും ചിങ്ങവനം സ്പോർട്സ് ക്ലബിനായി കണ്ടെത്തിയ സ്ഥലവും ജയിലിനായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് രണ്ടും ലഭിച്ചിട്ടില്ല.
മണിമലയിലെ സ്ഥലം കിട്ടിയാൽ കോട്ടയം നഗരത്തിലെ കെട്ടിടം നിലനിർത്തി ജയിലിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.
ജയിലിനായി സ്ഥലം തേടിയുള്ള എഴുത്തുകുത്തുകളിലൊന്നും നടപടിയാവാത്തത് ജയിൽ ജീവനക്കാരുടെ ഉറക്കം കളയുന്നുണ്ട്. ഉയരം കുറഞ്ഞ മതിലും സൗകര്യമില്ലാത്ത ജയിൽ വളപ്പുമാണ് ഇവർക്ക് തലവേദനയുണ്ടാക്കുന്നത്. മണിമലയിലെ ഭൂമിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
മതിലിന് മുകളിൽ കമ്പിവേലി
64 വർഷം പഴക്കമുണ്ട് ജയിലിന്. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ജയിലിന് സുരക്ഷയില്ല. ഉയരം കുറഞ്ഞ മതിലിലൂടെ പുറത്തുനിന്ന് ആർക്കും അകത്തുകയറാവുന്ന അവസ്ഥയാണ്.
കഴിഞ്ഞ വർഷം ഈ മതിൽ വഴി കൊലക്കേസ് പ്രതി രക്ഷപ്പെട്ടിരുന്നു.
തുടർന്ന് മതിലിന്റെ ഉയരം കൂട്ടാൻ ജയിൽ വകുപ്പ് നിർദേശം നൽകിയെങ്കിലും പഴയ മതിലായതിനാൽ ഉറപ്പു കുറവാണെന്നും ഉയരം കൂട്ടാനാവില്ലെന്നും പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട് നൽകി. മതിലിന് മുകളിൽ കമ്പിവേലി സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം.
ജയിലിലുള്ളത് 123 പേർ
1959 ലാണ് കോട്ടയം മുനിസിപ്പൽ പരിധിയിലെ 55 സെന്റിൽ ജയിൽ ആരംഭിച്ചത്. 2000ൽ സ്പെഷൽ സബ്ജയിലും 2013ൽ ജില്ല ജയിലായും ഉയർത്തി. 15 സെല്ലുകളിലായി 55 പേരെ പാർപ്പിക്കാവുന്ന ജയിലിൽ 123 പേരാണ് കഴിയുന്നത്. ഇതിൽ 10 പേർ വനിതകളാണ്. 28 ജീവനക്കാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

