കോട്ടയം ജില്ലക്കിത് വിലാപ ഞായർ; വിവിധയിടങ്ങളിൽ പൊലിഞ്ഞത് നാല് ജീവൻ
text_fieldsകോട്ടയം: ഞായറാഴ്ചയുടെ പകൽ ഇരുണ്ടപ്പോൾ ജില്ലയിലെ വിവിധയിടങ്ങളിലായി പൊലിഞ്ഞത് നാലു ജീവൻ. രാവിലെ ഏഴോടെ മീനടത്ത് അച്ഛനെയും മൂന്നാം ക്ലാസുകാരനായ മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സങ്കടവാർത്ത അറിഞ്ഞതിന് മണിക്കൂറുകൾക്കുള്ളിലാണ് നഗരത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിയെ എലിപ്പുലിക്കാട് കടവിൽനിന്ന് കാണാതായ വിവരവും അറിഞ്ഞത്. വിദ്യാർഥിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഇതിന് സമീപത്തായി മറ്റൊരാളെയും വെള്ളത്തിൽ വീണ് കാണാതായി. നിരവധിപേരാണ് വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തി.
മുള്ളൻകുഴി എലിപ്പുലിക്കാട്ട് കടവിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പാറത്തോട് സ്വദേശി ജോയൽ വില്യംസിന്റെ (21) മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വിവാഹ ചടങ്ങിലും ഞായറാഴ്ച വൈകീട്ടത്തെ റിസപ്ഷനിലും പങ്കെടുക്കാനാണ് ബംഗളൂരുവിൽനിന്ന് ജോയലും സംഘവുമെത്തിയത്. പാറമ്പുഴ മാധവത്ത് കടവിലാണ് നട്ടാശ്ശേരി സ്വദേശി ബാഹുലേയൻ നായരെ (60) മരിച്ച നിലയിൽ കണ്ടെത്തിയത്. മീനടം നെടുംപൊയ്കയിൽ താമസിക്കുന്ന വട്ടുകളത്തിൽ ബിനു, ബിനുവിന്റെ മകൻ ശിവഹരി എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാധാരണ അരക്കൊപ്പം വെള്ളം മാത്രമാണ് എലിപ്പുലിക്കാട്ട് കടവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയെ തുടർന്ന് ആറ്റിൽ ജലനിരപ്പും ഒഴുക്കും കൂടുതലായിരുന്നു. ഇവിടെ ആദ്യമായാണ് മുങ്ങിമരണം ഉണ്ടാകുന്നതെന്ന് പ്രദേശവാസിയും വിജയപുരം പഞ്ചായത്തംഗവുമായ മിഥുൻ പറയുന്നു. പ്രദേശവാസികൾക്ക് പരിചിതവും അലക്കുകടവും കുളിക്കടവുമാണ് എലിപ്പുലിക്കാട്ട് കടവ്. ആറിനുള്ളിലെ തിങ്ങിനിറഞ്ഞ മുള്ളൻപായലാണ് അപകടത്തിന് ആക്കംകൂട്ടുന്ന മറ്റൊരു കാരണം. മുള്ളൻപായലിൽ കാലുടക്കുന്നതിനെ തുടർന്ന് നീന്താൻ സാധിക്കാതെവരുകയും വെള്ളത്തിൽ അകപ്പെടാനും ഇടയാക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

