പദ്ധതിവിഹിതം: 100 ശതമാനം ചെലവഴിച്ച് 16 ഓഫിസുകൾ
text_fieldsജില്ല വികസനസമിതി യോഗത്തിൽ കലക്ടർ ജോൺ വി. സാമുവൽ സംസാരിക്കുന്നു
കോട്ടയം: ജില്ലയിലെ 16 ഓഫിസുകൾ പദ്ധതിവിഹിതത്തിന്റെ നൂറുശതമാനവും ചെലവഴിച്ചതായി കലക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗം. 14 ഓഫിസുകൾ 90 ശതമാനത്തിലധികവും നാല് ഓഫിസുകൾ 80 ശതമാനത്തിലധികവും പദ്ധതിത്തുക ചെലവിട്ടു.
മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കോട്ടയം ഓഫിസ്, ഹൈറേഞ്ച് സർക്കിൾ കോട്ടയം സി.സി.എഫ് ഓഫിസ്, കോട്ടയം ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഓഫിസ്, കോട്ടയം ഡി.എഫ്.ഒ (ടി.എസ്.) ഓഫിസ്, കോട്ടയം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, ജലഅതോറിറ്റി കോട്ടയം പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ്, ജല അതോറിറ്റി കോട്ടയം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ്, ജലഅതോറിറ്റി കടുത്തുരുത്തി പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ്, കോട്ടയം മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട-ലോക്കൽ വർക്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ്, എഫ്.ഡി.പി.ടി കോട്ടയം, സഹകരണസംഘം ജോയന്റ് രജിസ്ട്രാർ ഓഫിസ്, ഖാദി ആൻഡ് വില്ലേജ് പ്രോജക്ട് ഓഫിസർ, എം.വി.ഐ.പി എക്സിക്യൂട്ടീവ് എൻജിനീയർ, ഡിസ്ട്രിക്ട് മിഷൻ കോഓഡിനേറ്റർ കോട്ടയം എന്നിവിടങ്ങളിലാണ് പദ്ധതിവിഹിതം നൂറു ശതമാനവും അതിലേറെയും പൂർത്തീകരിച്ചത്. 100 ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 77.08 ശതമാനവും കേന്ദ്രസർക്കാർ സ്പോൺസേഡ് മറ്റു പദ്ധതികളിൽ 87.47 ശതമാനവുമാണ് പദ്ധതിവിഹിതം ചെലവഴിക്കുന്നതിലെ പുരോഗതി.
റോഡരികിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ജീവന് ഭീഷണി ഉയർത്തുന്നതായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. ചങ്ങനാശ്ശേരി ആശുപത്രി റോഡ്, കെ.എസ്.ആർ.ടി.സി റോഡ് എന്നിവയുടെ ടാറിങ് ഒരുമാസത്തിനകം പൂർത്തീകരിക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സ്ഥലങ്ങളിൽ സൗരോർജ തൂക്കുവേലികളും കിടങ്ങുകളും നിർമിക്കുന്ന പദ്ധതി വേഗത്തിൽ പൂർത്തീകരിക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു.
സബ് കലക്ടർ ഡി. രഞ്ജിത്ത്, ജില്ല പ്ലാനിങ് ഓഫിസർ എം.പി. അനിൽകുമാർ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രതിനിധി, ജില്ലതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
റോഡ് കുത്തിപ്പൊളിച്ച സംഭവം; ഉടൻ നന്നാക്കുമെന്ന് വാട്ടർ അതോറിറ്റി
കോട്ടയം: നഗരസഭ പരിധിയിലെ ദേശീയപാതയിൽ പള്ളിപ്പുറത്തുകാവിനു സമീപം ടാറിങ് കഴിഞ്ഞയുടൻ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിക്കായി റോഡ് കുത്തിപ്പൊളിച്ച വിഷയം ജില്ല വികസനസമിതിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉന്നയിച്ചു.
ടാറിങ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ കർശന നടപടിയെടുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പ്രദേശത്ത് ജലച്ചോർച്ച ഉള്ളതിനാലാണ് അറ്റകുറ്റപ്പണി വേണ്ടിവന്നതെന്നും ചോർച്ച പൂർണമായി പരിഹരിക്കാൻ കഴിയാതെ വന്നതിനാലാണ് ടാറിങ് പൊളിക്കേണ്ടിവന്നതെന്നും റോഡ് ഉടൻ പൂർവസ്ഥിതിയിലാക്കുമെന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചു. റോഡ് പഴയപടിയാക്കാൻ ആവശ്യമായ എസ്റ്റിമേറ്റ് ദേശീയപാത അധികൃതർ ബുധനാഴ്ചയോടെ സമർപ്പിക്കാനും വാട്ടർ അതോറിറ്റി പണം കെട്ടിവച്ച് ദേശീയപാതയുടെ കരാറുകാരെക്കൊണ്ട് അറ്റകുറ്റപ്പണി നടത്താനും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

