ലഹരിക്കെതിരെ കോട്ടയം ജില്ലയിൽ സ്പെഷൽ ഡ്രൈവ് നടത്തി
text_fieldsകോട്ടയം: ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനും വാറന്റ് കേസിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായും ജില്ലയിലുടനീളം പൊലീസ് വ്യാപക പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരെയും എസ്.എച്ച്.ഒമാരെയും പങ്കെടുപ്പിച്ചായിരുന്നു പരിശോധന.
പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഏഴ് കേസും അബ്കാരി ആക്ട് പ്രകാരം 39 കേസും കോട്പ ആക്ട് പ്രകാരം 37 കേസും ഉൾപ്പെടെ 199 കേസുകൾ രജിസ്റ്റർ ചെയ്യുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാറന്റ് കേസിൽ ഒളിവിൽകഴിയുന്ന പ്രതികൾക്കായും കാപ്പ ചുമത്തിയ പ്രതികള്‍ക്കായും ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയും നടത്തി.
വാറന്റ് കേസുകളിൽ ഒളിവിൽ കഴിഞ്ഞ 116 പേരെ അറസ്റ്റ് ചെയ്തു. കോടതി ശിക്ഷ വിധിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന എട്ടുപേരെയും പിടികൂടി. ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 250ഓളം ഗുണ്ടകളെ പരിശോധിക്കുകയും 50ഓളം പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ജില്ലയിലെ ബസ്സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പൊലീസും ബൈക്ക് പട്രോളിങ്ങും ജില്ല അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേകം വനിത പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.

