എന്ന് തുറക്കും, പൊതുശൗചാലയം; ദുരിതങ്ങളുടെ ബസ്സ്റ്റാൻഡ്
text_fieldsകാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയം അടച്ചിട്ട നിലയിൽ
കാഞ്ഞിരപ്പള്ളി: ഒരു മാസമായി പൊതുശൗചാലയം അടഞ്ഞുകിടക്കുന്നതിനാൽ പ്രാഥമികാവശ്യങ്ങൾക്കു സൗകര്യമില്ലാതെ യാത്രക്കാരും ബസ് ജീവനക്കാരും വ്യാപാരികളും നരകിക്കുകയാണ്. അടച്ച ശൗചാലയത്തിന് പകരം താത്കാലിക ബയോ ടോയ്ലറ്റ് ഒരുക്കിയാൽ ഏറെ ആശ്വാസമായിരുന്നെങ്കിലും അത് ഉണ്ടായിട്ടില്ല. ബസ് സ്റ്റാൻഡിൽ എത്തുന്നവർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ നെട്ടോട്ടമാണ്.
ബി.ഒ.ടി അടിസ്ഥാനത്തിൽ 2010ൽ 90 ലക്ഷം രൂപ മുടക്കി നിർമിച്ചതാണ് ബസ് സ്റ്റാൻഡ്. 2021ൽ അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. മഴക്കാലം ശക്തമായതോടെ പൊതുശൗചാലയത്തിന്റെ ടാങ്ക് നിറഞ്ഞുകവിഞ്ഞ് മാലിന്യങ്ങൾ ബസ് സ്റ്റാൻഡിൽ കൂടി ഒഴുകാൻ തുടങ്ങിയതോടെയാണ് അടച്ചുപൂട്ടിയത്. ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ സ്റ്റാൻഡിലൂടെ ഒഴുകിയത് അറപ്പുളവാക്കുന്ന കാഴ്ചയായിരുന്നു. മതിയായ സെപ്റ്റിക് ടാങ്കും സോക്പിറ്റും ഇല്ലാത്തതാണ് പ്രശ്നകാരണം.
അടച്ചുപൂട്ടിയതിനാൽ മാലിന്യങ്ങൾ സ്റ്റാൻഡിലൂടെ ഒഴുകുന്നില്ലെങ്കിലും കംഫർട്ട് സ്റ്റേഷൻ പരിസരത്ത് മലിനജലം കെട്ടിക്കിടപ്പുണ്ട്. പരിസരത്ത് അസഹ്യമായ ദുർഗന്ധവും. അടഞ്ഞുകിടക്കുന്ന കംഫർട്ട് സ്റ്റേഷൻ പരിസരം കാടുകയറിയ നിലയിലാണ്. ഇവിടെയാണ് പലപ്പോഴും ഗത്യന്തരമില്ലാതെ ആളുകൾ ആ‘ശങ്ക’ മാറ്റുന്നത്.
കാടുകയറിയ സ്ഥലത്ത് നാളുകൾക്ക് മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച കൊതുക് ജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ബോർഡും കാണാം. സ്റ്റാൻഡിലെ ശുചിമുറി സ്ഥിരമായി അടച്ചിടുന്നത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ടെൻഡർ നടപടികളിലേക്ക് കടക്കാറായെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതിന്റെ നടപടിക്രമങ്ങളും നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കി ശൗചാലയം എത്രയും പെട്ടെന്ന് തുറന്നു കൊടുത്താൽ ദിനംപ്രതി സ്റ്റാൻഡിലെത്തുന്ന നൂറു കണക്കിനാളുകൾക്ക് ഉപകാരപ്രദമാകും.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

