അതി ദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയം; അതി ദാരിദ്ര്യ നിർമാർജനത്തിൽ വഴികാട്ടിയെന്ന് മന്ത്രി എം.ബി. രാജേഷ്
text_fieldsകോട്ടയം: കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാറിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ അതി ദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2021ൽ ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത ആദ്യതീരുമാനമാണ് 2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്നത്. അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നത്. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സർവേയിൽ 64006 കുടുംബങ്ങളെ അതി ദാരിദ്യമനുഭവിക്കുന്നവരായി കണ്ടെത്തി. എന്താണ് അവരുടെ പ്രശ്‌നങ്ങളെന്നും കണ്ടെത്തി. ഓരോ കുടുംബത്തിനും ഓരോ മൈക്രോ പ്ലാൻ തയ്യാറാക്കി പ്രവർത്തിച്ചു. ഇക്കാര്യങ്ങളിലെല്ലാം കോട്ടയം മുന്നിലായിരുന്നു. സർവേയിൽ കണ്ടെത്തിയവരിൽ 93 ശതമാനശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.
അതിദാരിദ്ര്യ നിർമാർജനത്തിൽ കേരളം കൈവരിച്ച പുരോഗതി ഇതര സംസ്ഥാനങ്ങളിലുള്ളവർ ആശ്ചര്യത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ഇതിനു മുമ്പ് ഇങ്ങനെയൊരു ശ്രമം നടന്നത് ചൈനയിൽ മാത്രമാണ്. വീടില്ലാത്തവർക്ക് ലൈഫ് പദ്ധതി വഴി വീട് നൽകിയും സ്ഥലമില്ലാത്തവർക്ക് മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെയും സ്വകാര്യവ്യക്തികളടക്കമുള്ളവരുടെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കിയും നമ്മൾ ലക്ഷ്യത്തോടടുക്കുകയാണ്. യഥാസമയം സർക്കാർ എടുത്ത ശരിയായ തീരുമാനത്തിലൂടെയാണിതിനു കഴിഞ്ഞത്. നവംബർ ഒന്നിന് കേരളം പുതുചരിത്രമെഴുതുമ്പോൾ അതിന് ആമുഖമെഴുതിയ ജില്ലയായി കോട്ടയം മാറിയെന്നും മന്ത്രി പറഞ്ഞു.
അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ അതിൽനിന്ന് മോചിപ്പിക്കുമ്പോഴേ അവർക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതായി പറയാൻ കഴിയൂ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രസംഗിച്ച സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിദരിദ്രർ ഇല്ലാത്ത കോട്ടയമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി അഭിനന്ദനമറിയിച്ചു.
അതിദാരിദ്ര്യ നിർമാർജനത്തിൽ ജില്ലയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സ്മരണിക മന്ത്രി എം.ബി. രാജേഷ്, മന്ത്രി വി.എൻ. വാസവന് നൽകി പ്രകാശനം ചെയ്തു. ജില്ലാ കലക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനാൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ. മണി, തദ്ദേശ സ്വയം ഭരണവകുപ്പ് അഡീഷനൽ ഡയറക്ടർ പി.സി. ബാലഗോപാൽ, ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. രാജീവ്, അസിസ്റ്റന്റ് ഡയറക്ടർ സജ്‌ന സത്താർ, എ.ഡി.എം എസ്. ശ്രീജിത്ത്, തദ്ദേശ സ്വയം ഭരണവകുപ്പ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.
2021 ഒക്‌ടോബറിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ എന്നിവരുടെ ചുമതലയിൽ തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ടു ജില്ലയിൽ അതിദാരിദ്ര്യ നിർമാർജന ലക്ഷ്യം നേടുന്നതിനുള്ള പ്രവൃത്തികൾക്കു തുടക്കമിട്ടത്. പിന്നീടു വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കെ.വി. ബിന്ദുവും ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരിയും പ്രവർത്തനങ്ങൾ തുടർന്നു. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗറിന്റെയും ജില്ലാ കലക്ടർ ജോൺ വി. സാമുവലിന്റെയും പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസിന്റെയും നേതൃത്വത്തിലാണ് ലക്ഷ്യം പൂർത്തീകരിച്ചത്.
അതിദാരിദ്ര്യ നിർമാർജനം സംസ്ഥാന സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയ ശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ഓരോ കുടുംബത്തിനും പ്രത്യേക പദ്ധതി എന്ന നിലയിൽ മൈക്രോപ്ലാനുകൾ തയാറാക്കി.
തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ തയാറാക്കിയ മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി. ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി തുടർന്നുവരുന്നുണ്ട്. ഇത്തരത്തിൽ 605 കുടുംബങ്ങൾക്കാണു സേവനം നൽകുന്നത്.
മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി. പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം നൽകിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന ആറു കുടുംബങ്ങൾക്കും ലഭ്യമാക്കി.
വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ആറു കുടുംബങ്ങൾക്കും മറ്റ് വകുപ്പുകൾ വഴി നാലു കുടുംബങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾ വഴി അഞ്ചു കുടുംബങ്ങൾക്കും വരുമാന മാർഗങ്ങൾ ലഭ്യമാക്കി.
ഭവനരഹിതരും, ഭൂരഹിത ഭവനരഹിതരും ആയ മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലങ്ങൾ ഉറപ്പാക്കി.
അതിദരിദ്ര്യ കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്കും വീടും വസ്തുവും വീടും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി, സ്പോൺസർഷിപ്പ്, മറ്റ് സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് ഇവ യാഥാർഥ്യമാക്കിയത്. അവശേഷിച്ച ഒരാൾക്ക് വീടുനിർമിക്കുന്നതിനായി മന്ത്രി വി.എൻ. വാസവൻ ഇടപെട്ട് വൈക്കത്ത് നാലുസെന്റ് ഭൂമി ലഭ്യമാക്കിയതോടെയാണു ജില്ല അതിദാരിദ്ര്യമുക്തമെന്ന ലക്ഷ്യം പൂർത്തീകരിച്ചത്.
പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കാനും, ചികിത്സക്കുമുള്ള നടപടികൾ സ്വീകരിച്ചു. 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർഥികൾക്കു സൗജന്യ ബസ് പാസും ലഭ്യമാക്കി. ഈ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനൊപ്പം പഠനമാർഗ നിർദേശ പരിപാടികളും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

