കോട്ടയം; 12 സ്കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
text_fieldsപെരുവ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
പെരുവ: കാലാവസ്ഥ മുന്നറിയിപ്പ് നൽകാൻ സ്കൂൾ കുട്ടികളും. സമഗ്രശിക്ഷ കേരളത്തിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ 12 ഹയർ സെക്കൻഡറി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം തുറക്കുന്നു. പാലാ, ഈരാറ്റുപേട്ട, കടപ്പൂർ, കുമരകം, പനമറ്റം, താഴത്ത് വടകര, തൃക്കൊടിത്താനം, വൈക്കം ഗേൾസ്, വടക്കേക്കര, വൈക്കം ബോയിസ്, മുരിക്കുംവയൽ തുടങ്ങി 12 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്‍റെ ജില്ലതല ഉദ്ഘാടനം പെരുവ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച നടക്കും. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും അവസരമുണ്ടാകും.
മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന മഴമാപിനി, കാറ്റിന്‍റെ തീവ്രത അളക്കുന്നതിന് കപ്പ് കൗണ്ടർ അനിമോ മീറ്റർ, കാറ്റിന്‍റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷത്തിലെ ആർദ്രത അളക്കാൻ വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, രണ്ട് സമയങ്ങൾക്ക് ഇടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്തുന്നതിന് സിക്സ് മാക്സിമം മിനിമം തെർമോ മീറ്റർ, നിരീക്ഷണ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റീവൻ സൺസ്ക്രീൻ ഉൾപ്പെടെ ഇന്ത്യൻ മെട്രോളജി വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷതവഹിക്കും. ജില്ല പ്രോഗ്രാം ഓഫിസർ ബിനു എബ്രഹാം പദ്ധതി വിശദീകരിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ്. ശരത്, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. വാസുദേവൻ നായർ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

