കോടിമത രണ്ടാംപാലം ട്രാൻസ്ഫോർമർ മാറ്റി; ഇനി അതിവേഗം നിർമാണം
text_fieldsകോടിമത രണ്ടാംപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു
കോട്ടയം: കോടിമത രണ്ടാംപാലത്തിന്റെ നിർമാണത്തിന് തടസ്സമായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചു. ട്രാൻസ്ഫോർമറും വൈദ്യുതി ലൈനുകളും മാറ്റിസ്ഥാപിക്കാത്തത് ജോലികളുടെ വേഗത്തെ ബാധിച്ചിരുന്നു. ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് കരാറുകാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നെങ്കിലും വൈകുകയായിരുന്നു. ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നതിനോട് ചേർന്നായിരുന്നു പാലത്തിനായുള്ള തൂണുകളിലൊന്ന് സ്ഥാപിക്കേണ്ടിയിരുന്നത്.
ഇതിനിടെയാണ് കഴിഞ്ഞദിവസം കെ.എസ്.ഇ.ബി ജോലികൾ പൂർത്തീകരിച്ചത്. ഇതിനു പിന്നാലെ തൂണുകൾ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. 2013ൽ 9.84 കോടിയുടെ ഭരണാനുമതിയോടെ നിർമാണം ആരംഭിച്ച പാലത്തിന്റെ ജോലികൾ പല കാരണങ്ങളാൽ വർഷങ്ങളോളം മുടങ്ങുകയായിരുന്നു. മാസങ്ങൾക്കുമുമ്പ് പൊതുമരാമത്ത് മന്ത്രിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നടത്തിയ കൂടിക്കാഴ്ചയിൽ നിർമാണം പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് നിർമാണത്തുക 15.77 കോടിയായി ഉയർത്തുകയും രണ്ടാംഘട്ട നിർമാണം ആരംഭിക്കുകയുമായിരുന്നു. മുൻ കരാറുകാരൻ തന്നെയാണ് തുടർനിർമാണം ഏറ്റെടുത്തത്. പാലത്തിന്റെ അവശേഷിക്കുന്ന ഏഴ് പൈലുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പൂർത്തിയായ ഓരോ പൈലിനും 23 മുതൽ 26 മീറ്റർവരെയാണ് താഴ്ച. 200 മീറ്ററാണ് പാലത്തിന്റെ ആകെയുള്ള നീളം. ഇതിൽ 150 മീറ്ററിലാണ് രണ്ടാംഘട്ടനിർമാണം നടക്കുന്നത്.
കൊടൂരാറിന് മുകളിൽ 12 മീറ്റർ വീതിയിലും 22 സെൻറീമീറ്റർ കനത്തിലും 20 മീറ്റർ നീളത്തിലുമുള്ള മൂന്ന് സ്പാനാണ് പാലത്തിനായി സ്ഥാപിക്കുന്നത്. ഇതിനു പുറമെ നാട്ടകം ഭാഗത്തേക്ക് അപ്രോച് റോഡിന് പകരം സ്പാനുകൾ നിർമിക്കും. മൊത്തം അഞ്ച് സ്ഥാപനുകളാണ് സ്ഥാപിക്കുന്നത്. ഇതിനു മുകളിൽ കോൺക്രീറ്റിങ് നടത്തും. ഇതിലൂടെയാകും നാട്ടകം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പാലത്തിലേക്ക് എത്തുക.
കോട്ടയം ഭാഗത്തേക്ക് അപ്രോച് റോഡ് നിർമിക്കും. ഇതിനായി 70 മീറ്ററോളം ഭാഗത്ത് മണ്ണിട്ടുയർത്താനുള്ള ജോലികളും ബാക്കിയുണ്ട്. തറ ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കിയശേഷമാകും മണ്ണ് നിറക്കുക. തുടർന്ന് ടാറിങ് നടത്തും. മറ്റ് തടസ്സം ഉണ്ടായില്ലെങ്കിൽ ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പാലം കൈമാറാൻ കഴിയുമെന്നാണ് കരാർ കമ്പനിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

