ആസൂത്രണ പാളിച്ചമൂലം അനന്തമായി നീണ്ട് കോട്ടയം ജില്ലയിലെ കിഫ്ബി പദ്ധതികൾ
text_fieldsകോട്ടയം: ആസൂത്രണമില്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അടയാളങ്ങളായി മാറി ജില്ലയിലെ വന്‍കിട കിഫ്ബി പദ്ധതികൾ. വൈക്കം പാതയിലെ രണ്ട് പ്രധാന പാലത്തിന്റെ നിർമാണമാണ് കിഫ്ബിയുടെ ആസൂത്രണ പാളിച്ചമൂലം അനന്തമായി നീളുന്നത്. അഞ്ചുകോടി ചെലവിട്ട് മൂന്നുവർഷം മുമ്പ് നിർമിച്ച അയ്മനത്തെ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിന് പിന്നാലെ പൊളിഞ്ഞത് കിഫ്ബി പദ്ധതികളിലെ അഴിമതി ആരോപണമായും നിലവിലുണ്ട്.
കുമരകത്ത് ജി20 ഉച്ചകോടി നടക്കുന്നതിനിടെ വിദേശ പ്രതിനിധികളുടെ മുന്നില്‍ നാണംകെടാതിരിക്കാന്‍ പാതിവഴിയില്‍ പണിനിന്നുപോയ പാലം കൂറ്റന്‍ ബോര്‍ഡുകള്‍കൊണ്ട് മറച്ചിരിക്കുകയാണ്. 2020 ഒക്ടോബറില്‍ ആറുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ചുമനപാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2024 ആയിട്ടും പാലം നാട്ടുകാര്‍ക്ക് ഉപയോഗിക്കാനായില്ലെന്ന് മാത്രം. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ ആസൂത്രണത്തിലുണ്ടായ പാളിച്ചയാണ് ജില്ലയിലെ ഈ പ്രധാന കിഫ്ബി പദ്ധതി നാട്ടുകാര്‍ക്ക് പ്രയോജനമില്ലാതെ നോക്കുകുത്തിയായി മാറിയത്. കോട്ടയത്തുനിന്ന് കുമരകത്തേക്കുള്ള പാതയിലെ കോണത്താറ്റ് പാലം 2022 മേയിലാണ് പൊളിച്ചത്. ഏഴുകോടി നിശ്ചയിച്ച കിഫ്ബി പദ്ധതിയാണിത്. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് നിർമാണം ആരംഭിച്ച ഈ പാലം ഇപ്പോഴും പെരുവഴിയിലാണെന്ന് മാത്രം.
രൂപകൽപനയിൽ പ്രശ്നമുണ്ടെന്നാണ് കണ്ടെത്തല്‍. വൃത്തിയായി പാലം പണി തീര്‍ക്കണമെങ്കില്‍ അധികമായി ഇനി ആറ് കോടിയെങ്കിലും വേണമെന്ന നിലപാടിലാണ് കരാറുകാർ. റിവൈസ് എസ്റ്റിമേറ്റിന് നിര്‍ദേശം പോയിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ കിഫ്ബി അധികൃതര്‍ മൗനത്തിലാണ്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കിഫ്ബി ഫണ്ടില്‍നിന്ന് അഞ്ചുകോടി ചെലവിട്ട് നിര്‍മിച്ച അയ്മനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം നഗ്നമായ അഴിമതിയുടെ അടയാളമായി നിലകൊള്ളുകയാണ്. അഞ്ച് കോടി ചെലവിട്ട് നിര്‍മിച്ച ഈ സ്റ്റേഡിയം ഉപയോഗിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഉദ്ഘാടനം നടന്ന് മാസങ്ങള്‍ക്കകം പൊളിഞ്ഞ് പോയ ഈ നിര്‍മിതിയെ പറ്റി കിഫ്ബി അധികൃതരും ഒന്നും പറയാൻ തയാറായിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

