മണ്ണെണ്ണ കുറവിലങ്ങാട് വരെയെത്തി; റേഷൻ കടകളിലെത്തിയില്ല
text_fieldsകോട്ടയം: കാത്തുകാത്തിരുന്ന് മണ്ണെണ്ണ കിട്ടിയിട്ടും ജില്ലയിൽ വിതരണം പുനരാരംഭിക്കാനായില്ല. വെള്ളിയാഴ്ച മീനച്ചിൽ താലൂക്കിലെ കുറവിലങ്ങാട് മൊത്തവിതരണക്കാരൻ ഒരു ലോഡ് മണ്ണെണ്ണ എത്തിച്ചിട്ടുണ്ടെങ്കിലും എടുക്കേണ്ടെന്നാണ് റേഷൻ ഡീലർമാരുടെ തീരുമാനം.
ജില്ലക്ക് 25 ലോഡ് മണ്ണെണ്ണയാണ് അനുവദിച്ചത്. 13 ലോഡ് കാഞ്ഞിരപ്പള്ളി താലൂക്കിലേക്കും 12 ലോഡ് മീനച്ചിൽ താലൂക്കിലേക്കും. 12,000 ലിറ്ററിന്റെ ഒരുലോഡാണ് കുറവിലങ്ങാട് എത്തിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ മൊത്തവിതരണ ഡിപ്പോ ഭൂമിക്കടിയിലാണ്. ഇവിടെ വെള്ളം കയറിക്കിടക്കുന്നതിനാൽ മണ്ണെണ്ണ എടുത്തിട്ടില്ല. വെള്ളം ഇറങ്ങിയാൽ എടുക്കുമെന്നാണ് സപ്ലൈ ഓഫിസ് അധികൃതർ പറയുന്നത്.
മൊത്തവിതരണ കേന്ദ്രങ്ങളിൽനിന്ന് മണ്ണെണ്ണ ഡിപ്പോകളിലെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. താലൂക്ക് അടിസ്ഥാനത്തിലെങ്കിലും മണ്ണെണ്ണ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. രണ്ടുവർഷമായി മുടങ്ങിക്കിടന്ന മണ്ണെണ്ണ വിതരണം 20 മുതൽ പുനരാരംഭിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
നിരവധി കാർഡുടമകളാണ് മണ്ണെണ്ണക്കായി റേഷൻ കടകളിലെത്തി നിരാശരായി മടങ്ങുന്നത്. തീ പിടിക്കാൻ സാധ്യതയുള്ള പദാർത്ഥമായതിനാൽ മണ്ണെണ്ണ ടാങ്കറിലേ കൊണ്ടുപോകാനാവൂ. കുറവിലങ്ങാട്ടെ മൊത്ത വിതരണ കേന്ദ്രത്തിൽനിന്ന് ജില്ലയിലെമ്പാടും എത്തിക്കാൻ വൻ ചെലവു വരുമെന്ന് റേഷൻ ഡീലർമാർ പറയുന്നു.
കമീഷൻ തർക്കം
ജില്ലയിൽ നേരത്തെ ആറ് മൊത്തവിതരണ കേന്ദ്രങ്ങളുണ്ടായിരുന്നു. മണ്ണെണ്ണയെത്തിക്കാൻ മൊത്തവിതരണക്കാർക്ക് എൺപതോളം ടാങ്കർ ലോറികളും. രണ്ടുവർഷം മുമ്പ് മണ്ണെണ്ണ വിതരണം നിർത്തിവെച്ചതോടെ നാലു ഡിപ്പോകൾ പൂട്ടി. ടാങ്കർലോറികളും വീപ്പകളുമടക്കം ഒഴിവാക്കി. മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് 10 രൂപ നിരക്കിൽ കമീഷൻ ലഭ്യമാക്കണമെന്നാണ് റേഷൻ വ്യാപാരി സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടത്.
ഏഴു രൂപ നിരക്കിൽ കമീഷൻ അനുവദിക്കാമെന്ന് പൊതുവിതരണ വകുപ്പ് സമ്മതിച്ചു. എന്നാലിത് ധനവകുപ്പ് അംഗീകരിച്ചില്ല. ആറു രൂപ കമീഷൻ നൽകാമെന്നാണ് ധനവകുപ്പ് പറയുന്നത്. ഇത് റേഷൻ വ്യാപാരി സംഘടനകൾ അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് വിതരണം മുടങ്ങിയത്. റേഷൻ വ്യാപാരികൾ തന്നെ മണ്ണെണ്ണ കൊണ്ടുപോകണമെന്നാണ് വകുപ്പിന്റെ നിർദേശം. മറ്റ് ചില ജില്ലകളിലും ഓരോ മൊത്തവിതരണക്കാർ വീതം മണ്ണെണ്ണ എടുത്തിട്ടുണ്ടെങ്കിലും വിതരണം താളംതെറ്റിയിരിക്കുകയാണ്. നിലവിലെ അവസ്ഥയിൽ 30 നകം വിതരണം ആരംഭിക്കാൻ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

