വാകത്താനം വഴി മാറുമോ
text_fieldsജോഷി ഫിലിപ്പ്,ഡോ. ജയ്മോൻ ജേക്കബ്,രവീന്ദ്രനാഥ്
കോട്ടയം: ജില്ല പഞ്ചായത്തിന്‍റെയും ഡി.സി.സിയുടെയും മുൻ അധ്യക്ഷനായി സംഘടന രംഗത്തും പൊതുപ്രവർത്തനത്തിലും അനുഭവപരിചയമുള്ള ജോഷി ഫിലിപ്പ് യു.ഡി.എഫിനായി മത്സരിക്കുന്ന ജില്ല പഞ്ചായത്ത് ഡിവിഷനാണ് വാകത്താനം. യു.ഡി.എഫിന് വേരോട്ടമുള്ള മേഖലയെന്ന ആനുകൂല്യവുമുണ്ട്.
സി.പി.ഐയിലെ ഡോ. ജയ്മോൻ ജേക്കബാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കന്നിമത്സരം. ഇടതിനും ചിലയിടങ്ങളിൽ സ്വാധീനമുണ്ട്. ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറിയായ രവീന്ദ്രനാഥാണ് എൻ.ഡി.എക്കു വേണ്ടി മത്സരത്തിനിറങ്ങുന്നത്.
വാകത്താനം പഞ്ചായത്തിലെ ആറും മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വാകത്താനം ഡിവിഷൻ. കഴിഞ്ഞ തവണ യു.ഡി.എഫിലെ സുധ കുര്യന്‍ 6079 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്.
ജോഷി ഫിലിപ്പ് സീറ്റുറപ്പിച്ചെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. അതേസമയം പാർട്ടിക്കകത്തെ ചില വിയോജിപ്പുകൾ ജോഷിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഇല്ലാതില്ല. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോഴെന്നും ഇത്തവണ ഡിവിഷൻ പിടിച്ചെടുക്കുമെന്നും ഉറപ്പിച്ചാണു എൽ.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നത്.
ജോഷി ഫിലിപ്പ് (യു.ഡി.എഫ്)
രണ്ടു തവണ വാകത്താനം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ്, മുൻ ഡി.സി.സി അധ്യക്ഷൻ. നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് വാകത്താനം മണ്ഡലം പ്രസിഡന്‍റ്, കോണ്‍ഗ്രസ് വാഴൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജില്ല സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മെംബർ. ഭാര്യ: മേഴ്സി. മകൻ: നവീൻ.
ഡോ. ജയ്മോൻ ജേക്കബ് (എൽ.ഡി.എഫ്)
തൃപ്പൂണിത്തുറ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ പ്രിൻസിപ്പൽ. സസ്യശാസ്‌ത്രം, സാമൂഹികശാസ്‌ത്രം, മനഃശാസ്‌ത്രം, വിദ്യാഭ്യാസം, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്. കോളജുകളിലും ഹയർസെക്കൻഡറി സ്‌കൂളുകളിലുമായി 33 വർഷത്തെ അധ്യാപന പരിചയം. ഭാര്യ: ബിന്ദു ടി. ജോൺ. മക്കൾ: ഫേബ മറിയ ജയ്‌മോൻ, ഐബ മെറിൻ ജയ്‌മോൻ.
രവീന്ദ്രനാഥ് (എൻ.ഡി.എ)
ഇടുക്കി, കോട്ടയം, ആലപ്പുഴ ഉൾപ്പെടുന്ന ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറി. ചരിത്രത്തിൽ ബിരുദം. കവി, കഥാകൃത്ത്. 2002 ൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് വാകത്താനം ഡിവിഷനിൽനിന്ന് മത്സരിച്ചിരുന്നു. വികാസ് (വിശ്വകർമ കല സാഹിത്യസംഘം) സംസ്ഥാന ജനറൽ സെക്രട്ടറിയും വിശ്വബ്രാഹ്മണ രാഷ്ട്രീയകാര്യസമിതി സംസ്ഥാന കോഓഡിനേറ്ററുമാണ്. ഭാര്യ: സ്മിത. മകൾ: നിരഞ്ജന ഗൗരിശങ്കർ (കേരള കലാമണ്ഡലം കൂടിയാട്ടം പി.ജി വിദ്യാർഥിനി, മകൻ: നവ്നിത് ഗൗരിശങ്കർ (കേന്ദ്രീയ വിദ്യാലയം പ്ലസ്ടു വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

