മുഖ്യസ്ഥാനാർഥികൾ കളം നിറഞ്ഞു; കോട്ടയത്ത് തെരഞ്ഞെടുപ്പ് ചൂടും കൂടി
text_fields1. കരൂർ പള്ളി ജങ്ഷനിൽ ചിഹ്നമില്ലാത്ത യു.ഡി.എഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പേരിലെ ചുവരെഴുത്ത് 2. എൽ.ഡി.എഫ് സ്ഥാനാർഥി
തോമസ് ചാഴികാടന് വേണ്ടി ചിഹ്നം വരച്ചുള്ള ചുവരെഴുത്ത്
കോട്ടയം: സംസ്ഥാനത്ത് ഏറ്റവുമധികം വേനൽ ചൂടനുഭവിക്കുന്ന കോട്ടയം, തീയതി പ്രഖ്യാപനം വരും മുമ്പ് തന്നെ കടുത്ത തെരഞ്ഞെടുപ്പ് ചൂടിലേക്കും. ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ അവർ പ്രചാരണ രംഗത്ത് സജീവമായി. എൽ.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴികാടനും യു.ഡി.എഫിന്റെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഫ്രാൻസിസ് ജോർജും ജനങ്ങളെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.
44 വർഷത്തിന് ശേഷമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ നേരിട്ട് ഏറ്റുമുട്ടുന്നെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിലുണ്ട്. തോമസ് ചാഴികാടന്റെയും ഫ്രാൻസിസ് ജോർജിന്റെയും ചുവരെഴുത്തുകളും മണ്ഡലത്തിൽ എങ്ങും പ്രത്യക്ഷമായിക്കഴിഞ്ഞു. ചാഴികാടന്റെ പേരിനൊപ്പം രണ്ടില ചിഹ്നവും ചുവരെഴുത്തിൽ കാണാമെങ്കിൽ ജോസഫ് വിഭാഗത്തിന് ഔദ്യോഗിക ചിഹ്നമില്ലാത്തതിനാലും തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം അനുവദിക്കുന്ന നടപടികളിലേക്ക് കടക്കാത്തതിനാലും ‘യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്’ എന്ന ചുവരെഴുത്തുകളാണ് മണ്ഡലത്തിൽ കാണാനാകുന്നത്.
സംസ്ഥാനത്ത് തന്നെ ആദ്യ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട സിറ്റിങ് എം.പി. തോമസ് ചാഴികാടൻ പ്രചാരണ പ്രവർത്തനങ്ങളിൽ ഒരുപടി മുന്നിലാണ്. ഉദ്ഘാടന വേദികളിലും കല്യാണ - മരണ വീടുകളിലും ഓടിയെത്തുന്നുണ്ട്. തിങ്കളാഴ്ച പ്രചാരണ പരിപാടികളുടെ ഭാഗമായി രാവിലെ മുതൽ സജീവമായിരുന്നു. ഉച്ചക്ക് കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച പൊതുപരിപാടിയിൽ ചാഴികാടൻ എതിർസ്ഥാനാർഥി ഫ്രാൻസിസ് ജോർജിനൊപ്പം പങ്കെടുത്തു. തുടർന്ന് ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ചാരിറ്റി ഗോട്ട് ഫാമിന്റെ ഉദ്ഘാടനത്തിൽ ചാഴികാടൻ പങ്കെടുത്തു.
ഫ്രാൻസിസ് ജോർജും തന്റെ പരിചയം പുതുക്കുന്നതിനുള്ള നടപടികളിലായിരുന്നു. ക്രൈസ്തവ സമൂഹത്തിനിടയിലുള്ള തന്റെ സ്വാധീനം വോട്ടാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹവും. ചിഹ്നം അനുവദിക്കാത്തത് പ്രചാരണപ്രവർത്തനങ്ങൾക്ക് തടസ്സമായുണ്ടെന്ന് യു.ഡി.എഫ് വൃത്തങ്ങളും സമ്മതിക്കുന്നു. എൻ.ഡി.എ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയായിരിക്കും സ്ഥാനാർഥിയാകുകയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

