കതിർ ആപ്പ്; ജില്ലയിൽ രജിസ്റ്റർ ചെയ്തത് 3156 കർഷകർ മാത്രം
text_fieldsകോട്ടയം: കർഷകർക്കുള്ള സേവനങ്ങൾ ഒരു കൂടക്കീഴിലാക്കാൻ ലക്ഷ്യമിട്ട് കൃഷിവകുപ്പ് തയാറാക്കിയ ‘കതിർ ആപ്പി’ൽ രജിസ്ട്രേഷൻ ഇഴയുന്നു.
ജില്ലയിൽ ഇതുവരെ 3156 കർഷകർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 1442 കൃഷിക്കൂട്ടങ്ങളും രജിസ്ട്രേഷൻ നടത്തിട്ടുണ്ട്. രജിസ്ട്രേഷൻ ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ഭൂരിഭാഗം കർഷകരും പദ്ധതിയുടെ ഭാഗമായിട്ടില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഏറെ സമയമെടുക്കുന്നതാണ് വിട്ടുനിൽക്കാൻ കാരണമായി കർഷകർ പറയുന്നത്. ഇന്റർനെറ്റ് തടസ്സങ്ങളും തിരിച്ചടിയാകുന്നുണ്ട്.
രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്നും എല്ലാ വിവരങ്ങളും നൽകി ഇത് പൂർത്തിയാക്കാൻ ഒരുമണിക്കൂറോളം എടുക്കുന്നതാണ് എണ്ണം കുറയാൻ കാരണമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. കൃഷിക്കൂട്ടങ്ങളും പ്രത്യേകമായി രജിസ്ട്രേഷൻ നടത്തുന്നുണ്ട്. ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കർഷകർക്കും തിരിച്ചറിയല്‍ കാർഡ് നൽകും. ഇത് വിവിധ ആനുകൂല്യങൾക്കുള്ള ആധികാരിക രേഖയുമാകും.
കാലാവസ്ഥ മുന്നറിയിപ്പ്, കീടങ്ങളും രോഗങ്ങളും സംബന്ധിച്ച മുന്നറിയിപ്പുകൾ, മണ്ണ് പരിശോധന, സബ്സിഡി സംബന്ധിച്ച അറിയിപ്പുകൾ, വിപണി സംബന്ധിച്ച വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. വേഗത്തിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
എങ്ങനെ രജിസ്റ്റർ ചെയ്യാം
രജിസ്റ്റർ ചെയ്യാനായി ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോറിൽ എന്നിവയിൽനിന്ന് കതിർ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ആപ്പിൽ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. കർഷകന്റെ പേര്, വിലാസം, കൃഷിഭവൻ, വാർഡ് തുടങ്ങിയ വിവരങ്ങൾ നൽകി വ്യക്തിഗത രജിസ്ട്രേഷൻ പൂർത്തിയാക്കാം.
തുടർന്ന് കൃഷി സ്ഥലം രജിസ്റ്റർ ചെയ്യാൻ ആപ്പിലെ സാറ്റ്ലൈറ്റ് മാപ്പിൽനിന്നു കൃഷിയിടം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ കൃഷിയിടത്തിന്റെ ഫോട്ടോ സഹിതം സമർപ്പിക്കണം. കാർഷികമേഖല തെരഞ്ഞെടുത്ത് കൃഷി സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ നൽകണം. പാട്ടകർഷകർക്കും അപേക്ഷിക്കാം. കതിർ ആപ്പിലെ പ്രധാന പേജിൽ കാണുന്ന കർഷക ഐ.ഡി കാർഡിന് അപേക്ഷിക്കുക എന്ന ഭാഗത്ത് ക്ലിക് ചെയ്ത് രജിസ്ട്രേഷൻ സമയത്ത് നൽകിയ വിവരങ്ങൾ അടങ്ങിയ പേജിലേക്ക് കടക്കാം.
ഈ പേജിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം കർഷകന്റെ ബാങ്ക് വിവരങ്ങൾ ബാങ്ക് പാസ് ബുക്കിന്റെ ഫോട്ടോ, കർഷകന്റെ ഫോട്ടോ എന്നിവ നൽകണം. എല്ലാ വിവരങ്ങളും പരിശോധിച്ച് സാക്ഷ്യപത്രം നൽകിയശേഷം അപ്ലൈ ചെയ്യുക. തുടർന്ന് ആപ്ലിക്കേഷൻ ഫോർ ഐ.ഡി കാർഡ് സബ്മിറ്റഡ് സക്സസ്ഫുള്ളി എന്ന മെസേജ് ലഭിക്കും. കർഷകർക്ക് തങ്ങൾ സമര്‍പ്പിച്ച അപേക്ഷയുടെ വിവരം ഐ.ഡി കാർഡ് സ്റ്റാറ്റസ് പരിശോധിക്കുക എന്ന ഭാഗത്ത് ക്ലിക് ചെയ്തു മനസ്സിലാക്കാം. കർഷകർ സമർപ്പിക്കുന്ന പൂർണമായ അപേക്ഷകൾ പരിശോധിച്ച് കൃഷി അസിസ്റ്റന്റുമാർ കൃഷി ഓഫിസറുടെ ലോഗിനിലേക്ക് അയക്കും. ഇവർ അപ്രൂവ് ചെയ്തശേഷം ഐ.ഡി കാർഡുകൾ കർഷകർക്ക് അവരവരുടെ കതിർ പേജിൽ കാണുന്ന കതിർ ഐ.ഡി കാർഡ് ഡൗൺലോഡ് ബട്ടണിൽ അമർത്തി ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം. ഡിജിറ്റലായി ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് പി.വി.സി കാർഡ് മാതൃകയിലോ മറ്റോ പ്രിന്റ് ചെയ്തും കർഷകര്‍ക്ക് ഉപയോഗിക്കാം. അഞ്ചുവർഷമാണ് കാർഡിന്റെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

