ഡ്രൈവിങ്ങിനിടെ ശാരീരികാസ്വാസ്ഥ്യം; കാർ ഡിവൈഡറിൽ ഇടിച്ചുകയറി
text_fieldsകറുകച്ചാൽ കവലയിൽ ഡിവൈഡറിൽ ഇടിച്ചുകയറിയ കാർ
കറുകച്ചാൽ: ഡ്രൈവിങ്ങിനിടയിൽ യുവാവിന് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി. റോഡിൽ യാത്രക്കാർ ഇല്ലാത്തതിനാൽ അപകടമൊഴിവായി. ബുധനാഴ്ച രാവിലെ 11.40 ഓടെ കറുകച്ചാൽ സെൻട്രൽ ജങ്ഷനിലായിരുന്നു അപകടം.
ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വന്ന നെടുമണ്ണി മുക്കാട്ട് റോബിൻ മാത്യു (35) ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇദ്ദേഹം കുഴഞ്ഞുവീണ നിലയിലായിരുന്നു. മുഖത്ത് പരിക്കേറ്റ റോബിനെ പൊലീസും യാത്രക്കാരും ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് 10 മിനിറ്റോളം സെൻട്രൽ ജങ്ഷനിൽ ഗതാഗതം മുടങ്ങി.

