കറുകച്ചാൽ ടാക്സി സ്റ്റാൻഡ് സ്ഥലത്തിന് 6.65 കോടി നൽകാൻ സുപ്രീംകോടതി വിധി
text_fieldsകറുകച്ചാൽ: പഞ്ചായത്ത് ടാക്സി സ്റ്റാൻഡിനായി ഭൂമി ഏറ്റെടുത്ത കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധി. 6.65 കോടി രൂപ നൽകിയാൽ സ്ഥലം പഞ്ചായത്തിന് ഏറ്റെടുക്കാം. അല്ലാത്തപക്ഷം സ്ഥലം ഉടമയ്ക്ക് തിരികെ കിട്ടും. 10 വർഷത്തോളമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി വിധി വന്നത്. രണ്ടുമാസത്തിനകം കറുകച്ചാൽ പഞ്ചായത്ത് ഈ തുക അടയ്ക്കണം.
ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ ബസ് സ്റ്റാൻഡിന് സമീപമാണ് 52 സെന്റ് സ്ഥലം ടാക്സി സ്റ്റാൻഡിന് ഏറ്റെടുത്ത് നിർമാണം തുടങ്ങിയത്. അന്ന് 75 ലക്ഷം രൂപയാണ് സ്ഥലത്തിനായി പഞ്ചായത്ത് നൽകിയത്. ഇതിനെതിരെ ഉടമ നടത്തിയ നിയമ പോരാട്ടമാണ് സുപ്രീം കോടതിവരെ എത്തിയത്.
കെ.യു.ആർ.ഡി.എഫ്.സിയിൽനിന്ന് അഞ്ചുകോടി രൂപ വായ്പയെടുക്കാനും ബാക്കി തുക കണ്ടെത്തി മുന്നോട്ടു പോകാനുമാണ് പഞ്ചായത്ത് തീരുമാനം. കെട്ടിടങ്ങളടക്കം നിർമിച്ച് വാടകയ്ക്ക് നൽകി പഞ്ചായത്തിന് സ്ഥിരമായ വരുമാനം നേടാമെന്നാണു കണക്കുകൂട്ടൽ.
നീണ്ടുപോയ 10 വർഷങ്ങൾ
നഗരത്തിലെ ടാക്സി സ്റ്റാൻഡുകൾ ഒരു ഭാഗത്തേക്ക് മാറ്റുന്നതിനൊപ്പം തിരക്ക് ഒഴിവാക്കുന്നതിനുമാണ് സ്ഥലം ഏറ്റെടുത്തത്. നഗര മധ്യത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു ഇത്. സ്ഥലം നിരപ്പാക്കി നബാർഡ് ധനസഹായത്തോടെ 25 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ഇവിടെ ശൗചാലയ കെട്ടിടം, കിണർ എന്നിവ നിർമിച്ചു.
കോടികൾ വിലമതിക്കുന്ന സ്ഥലത്തിന് തുച്ഛമായ നഷ്ടപരിഹാരമാണ് നൽകാൻ തീരുമാനിച്ചത്. ഇതിനെതിരെ ഉടമ നിയമ പോരാട്ടം ആരംഭിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ കോടതി തടഞ്ഞു. നിർമിച്ച കെട്ടിടങ്ങളും സ്ഥലവും കാട് കയറി മൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

