അന്നം വിളമ്പിനല്‍കിയ അന്നമ്മച്ചേടത്തി പടിയിറങ്ങി
text_fields
വിരമിക്കല്‍ ദിനത്തില്‍ അന്നമ്മക്ക് വിദ്യാര്‍ഥികള്‍ ഭക്ഷണം വിളമ്പുന്നു
കറുകച്ചാല്‍: അരനൂറ്റാണ്ടോളം കുഞ്ഞുങ്ങള്‍ക്ക് അന്നം വിളമ്പിയ അന്നമ്മച്ചേടത്തി 90ാം വയസ്സില്‍ സ്കൂളിന്റെ പടിയിറങ്ങി. വിരമിക്കല്‍ ദിനത്തില്‍ സ്നേഹവും അന്നവും വിളമ്പി കുരുന്നുകളുടെ യാത്രയയപ്പ്.
ചമ്പക്കര സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ പാചകത്തൊഴിലാളിയായ മാന്തുരുത്തി കടുപ്പില്‍ അന്നമ്മ ഉലഹന്നാനാണ് ജോലിയില്‍നിന്ന് വിരമിച്ചത്. മൂന്ന് തലമുറകള്‍ക്ക് വെച്ചുവിളമ്പാന് ഭാഗ്യം കിട്ടിയ അന്നമ്മ പ്രായമേറിയതോടെയാണ് ജോലി അവസാനിപ്പിച്ചത്. സര്‍ക്കാറിന്റെ ഉച്ചഭക്ഷണ പദ്ധതിയിലൂടെ ഉപ്പുമാവ് വെച്ചായിരുന്നു തുടക്കം. കാലം മാറിയതോടെ കഞ്ഞിയും പയറുമായി. അവസാന കാലങ്ങളില്‍ ചോറും കൂട്ടാനുമടക്കം വിഭവസമൃദ്ധ സദ്യയാണ് അന്നമ്മച്ചേടത്തി കുട്ടികള്‍ക്ക് വെച്ചുവിളമ്പിയത്.
വാര്‍ധക്യസഹജമായ അവശതകളേറിയതോടെ മനസ്സില്ലാ മനസ്സോടെ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പതിനായിരക്കണക്കിന് മക്കള്‍ക്ക് ആഹാരം വിളമ്പാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് അന്നമ്മ കാണുന്നത്. സ്കൂളില്‍ നടത്തിയ സമ്മേളനത്തില്‍ അന്നമ്മയെ ആദരിക്കുകയും വിദ്യാര്‍ഥികള്‍ ഭക്ഷണം വിളമ്പുകയും ചെയ്തു. മാനേജര്‍ ഫാ. തോമസ് പ്ലാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ഉണ്ണികൃഷ്ണന്, പഞ്ചായത്ത് അംഗം കെ.എന്‍. ശശീന്ദ്രന്, ഫാ. റോയി വല്ലയില്‍, മനോജ് ജോസഫ്, ബി. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.