കരിമ്പുകയം കുടിവെള്ള പദ്ധതി: ജലവിതരണം പുനരാരംഭിച്ചു
text_fieldsകരിമ്പുകയം കുടിവെള്ള പദ്ധതി പ്രദേശത്ത് ചളിനീക്കുന്നു
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി, സിവിൽ സ്റ്റേഷൻ അടക്കം പ്രധാന കേന്ദ്രങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന കരിമ്പുകയം ജലവിതരണ പദ്ധതിയുടെ തകരാർ പരിഹരിച്ചതിനെ തുടർന്ന് ശനിയാഴ്ച ജലവിതരണം പൂർണമായി പുനരാരംഭിച്ചു. നാലു ദിവസം കുടിവെള്ള വിതരണം മുടങ്ങിയ ശേഷമാണ് വിതരണം ആരംഭിച്ചത്. കരിമ്പുകയം പദ്ധതിയിൽ കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലായി 5000 ത്തോളം കണക്ഷനുകളാണുള്ളത്. മേഖലയിലെ സർക്കാർ സ്ഥാപനങ്ങളിലടക്കം ഇവിടെ നിന്നാണ് വെള്ളം എത്തിക്കുന്നത്. മണിമലയാറ്റിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കരിമ്പുകയത്ത് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്കുള്ള ലീഡിങ് പൈപ്പിൽ ചളി കയറി അടഞ്ഞതാണ് ചൊവ്വാഴ്ച മുതൽ ജലവിതരണം മുടങ്ങാൻ കാരണം.
പദ്ധതി പ്രദേശത്ത് മണിമലയാറിന്റെ തീരം കെട്ടുന്ന ജോലികൾ നടന്നുവരുകയായിരുന്നു. ഇവിടെ നിന്നുള്ള ചളി പൈപ്പിൽ നിറഞ്ഞതിനെ തുടർന്ന് പമ്പിങ് മുടങ്ങുകയായിരുന്നു. പൈപ്പ് വെള്ളത്തിനടിയിലൂടെ പോകുന്നതിനാൽ ചളി നീക്കുക ദുഷ്കരമായ ജോലിയാണ്.
വെള്ളത്തിൽ ഏറെ നേരം മുങ്ങിക്കിടന്ന് ചളിനീക്കുന്ന വിദഗ്ധരുടെ എണ്ണം കുറവായതാണ് ജലവിതരണം പുനഃസ്ഥാപിക്കുന്നത് വൈകാനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ചങ്ങനാശ്ശേരിയിൽനിന്ന് മുങ്ങൽ വിദഗ്ധരെത്തി ചളിനീക്കുന്ന ജോലി ആരംഭിച്ചത്. ഇത് വിജയിച്ചതിനെ തുടർന്നാണ് ശനിയാഴ്ച ജലവിതരണം പൂർണമായി പുനരാരംഭിക്കാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

