അധ്യയനം മുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടു; കരീമഠം സ്കൂളിനെ ‘കര കയറ്റാൻ’ നടപടി
text_fieldsകരീമഠം വെൽഫെയർ യു.പി സ്കൂളിൽ വെള്ളം കയറിയ നിലയിൽ
സ്കൂളിന്റെ പുറകുവശത്ത് ഏക്കറോളം പാടശേഖരവും മുന്നിൽ തോടുമാണ്. മഴക്കാലത്ത് പാടശേഖരത്തിൽ വെള്ളം നിറയുമ്പോൾ സ്കൂളും വെള്ളത്തിലാവും. ഇത്തവണ മഴ നീണ്ടതും മട വീണതും മൂലം വെള്ളമിറങ്ങുന്നില്ല. മേയ് 20 മുതൽ സ്കൂൾ വെള്ളത്തിലാണ്
കോട്ടയം: വൈദ്യുതിയില്ലാത്തതിനാൽ സ്കൂൾ നിൽക്കുന്ന ഭാഗത്ത് മോട്ടോർ പ്രവർത്തിപ്പിക്കാനായിട്ടില്ല. 23ന് സ്കൂൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. അയ്മനം പഞ്ചായത്ത് ഒന്നാംവാർഡിൽ വി.കെ.വി പാടശേഖരത്തിന്റെ പുറം ബണ്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ മാസം രണ്ടിന് സ്കൂളുകൾ തുറന്നെങ്കിലും കരീമഠം സ്കൂൾ വെള്ളം കയറിയതിനാൽ തുറക്കാനായിട്ടില്ല. പ്രവേശനോത്സവത്തിന് ഒരുക്കങ്ങളെല്ലാം നടത്തിയതായിരുന്നു.
സ്കൂളിന്റെ റോഡിനോടുചേർന്ന പ്രധാന കെട്ടിടവും ശുചിമുറികളും മാത്രമാണ് വെള്ളം കയറാത്തത്. അടുക്കളയും സ്കൂൾ ഓഫിസും മറ്റൊരു കെട്ടിടവും വെള്ളത്തിലാണ്. തറനിരപ്പിൽനിന്ന് ഉയർത്തി നിർമിച്ചതിനാൽ ഓഫിസിനകത്ത് വെള്ളം കയറില്ലെങ്കിലും അങ്ങോട്ട് എത്തിപ്പെടാനാവില്ല. പ്രധാന കെട്ടിടം നിലവിൽ അധ്യാപകർ സ്റ്റാഫ് മുറിയാക്കിയിരിക്കുകയാണ്.
സ്കൂൾ തുറക്കാൻ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും കലക്ടറെ കണ്ടിരുന്നു. തുടർന്ന് പാടശേഖരസമിതി, പഞ്ചായത്ത്, പി.ടി.എ, കൃഷി ഓഫിസർ പ്രതിനിധികളുമായി ചർച്ച നടത്തുകയും വെള്ളം വറ്റിക്കാൻ അടിയന്തര നടപടിക്ക് കലക്ടർ നിർദേശം നൽകുകയുമായിരുന്നു.
പാടശേഖരസമിതി വെള്ളം വറ്റിക്കാൻ വൈകിയതാണ് സ്കൂൾ വെള്ളത്തിലാവാൻ കാരണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എല്ലാവർഷവും വെള്ളം കയറുന്നുണ്ടെങ്കിലും ഇത്രയധികം നാൾ നീണ്ടത് ആദ്യമായാണ്. പഞ്ചായത്ത് അധികൃതർ വെള്ളിയാഴ്ച സ്കൂൾ സന്ദർശിച്ചു.
27 കുട്ടികൾ, നാല് അധ്യാപകർ
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലായി 22 കുട്ടികളും പ്രീ പ്രൈമറിയിൽ അഞ്ചുകുട്ടികളുമാണുള്ളത്. ഒരു ഓഫിസ് അസിസ്റ്റന്റും നാല് സ്ഥിരം അധ്യാപകരുമുണ്ട്. വാർഡിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ.
വാഹനസൗകര്യമില്ലാത്തതിനാൽ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയില്ല ഇവർക്ക്. ഏഴുകിലോമീറ്റർ ദൂരെ കുമരകത്താണ് മറ്റൊരു സ്കൂളുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.