കാഞ്ഞിരപ്പള്ളി: വയസ്സ് എഴുപതിലെത്തിയിട്ടും വിശ്രമമില്ലെന്ന് മാത്രമല്ല, കൃഷിയിടത്തിൽ തന്നെയാണ് തോമാച്ചിയും ഭാര്യ സൂസണും.
എരുമേലി-വിഴിക്കിത്തോട് - പൊൻകുന്നം പാതയോരത്ത് കുറുവാമുഴി ജങ്ഷന് സമീപം താമസിക്കുന്ന പുതുപറമ്പിൽ ടി.ജെ. തോമസും ഭാര്യ സുസണുമാണ് കൃഷിയിടത്തിൽ 'ജീവിക്കുന്നത്'. അതിരാവിലെ തന്നെ ഇരുവരും വീടിനോട് ചേർന്ന കൃഷിഭൂമിയിൽ ഇറങ്ങും.
പാവൽ, പയർ, കോവൽ, ചേമ്പ്, ചേന, കപ്പ, വാഴ, റംബൂട്ടാൻ, മാംഗോസ് തുടങ്ങിയവയാണ് കൃഷിയിനങ്ങൾ. പ്രമേഹ രോഗികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന മാഗോ ദേവ് കൃഷിയും ഇവർക്കുണ്ട്. ഇതിെൻറ കുരുവിന് കിലോഗ്രാമിന് 8000 രൂപ വിലയുണ്ട്.
വീട്ടുമുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന റംബുട്ടാനിൽ നിന്ന് പ്രതിവർഷം 15000 രൂപയുടെ ഫലം ലഭിക്കുന്നുണ്ട്. വീടിന് പുറകിലായി നിർമിച്ചിട്ടുള്ള പടുതാകുളത്തിൽ 400 ലേറെ മത്സ്യങ്ങളെ വളർത്തുന്നുണ്ട്. ഇവരുടെ ഏക മകൻ കിരൺ കുടുംബ സമേതം ദുൈബയിൽ ജോലി ചെയ്യുന്നു.
ജീവിതസായാഹ്നത്തിൽ ഇരുവരും ഒരു മിനിറ്റുപോലും പാഴാക്കാതെ തങ്ങളുടെ ശാരീരിക അവശതകൾ മാറ്റിവെച്ചാണ് കൃഷിപ്പണികളിൽ ഏർപ്പെടുന്നത്.