ജനറൽ ആശുപത്രിയിൽ ഡോക്ടറില്ല; പോസ്റ്റ്മോർട്ടം മുറി വെറുതെയായി
text_fieldsകാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ആധുനിക നിലവാരത്തിൽ പോസ്റ്റ്മോർട്ടം മുറി നിർമിച്ചെങ്കിലും ഫോറൻസിക് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടക്കുന്നില്ല. അപകടമരണങ്ങൾ, ആത്മഹത്യ, ദുരൂഹമരണങ്ങൾ എന്നിവയുണ്ടാകുമ്പോൾ പോസ്റ്റ്മോർട്ടത്തിന് പാലാ ജനറൽ ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലോ പോകേണ്ട സാഹചര്യമാണ്.
കടപ്ലാമറ്റം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറാണ് ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം ചെയ്തുവന്നിരുന്നത്. ഇദ്ദേഹത്തിന് പാലാ ജനറൽ ആശുപത്രിയിലും ഫോറൻസിക് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നു. ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് പാലാ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളിൽ സേവനം. ഈ ഡോക്ടറെ ഇടുക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് പോസ്റ്റുമോർട്ടം മുടങ്ങിയത്.
തസ്തികയില്ല
സ്ഥിരം ഫോറൻസിക് സർജന്റെ തസ്തിക അനുവദിച്ച് ഡോക്ടറെ നിയമിച്ചിട്ടില്ല. ഒരു കോടി രൂപയോളം ചെലവഴിച്ചാണ് 2025 മാർച്ചിൽ പോസ്റ്റുമോർട്ടം മുറി, മോർച്ചറി എന്നിവയടങ്ങുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒരു മാന്വൽ ടേബിൾ, ആധുനിക സൗകര്യങ്ങളോടെയുള്ള പോസ്റ്റുമോർട്ടം ടേബിൾ, ഇൻക്വസ്റ്റ് മുറി, ആംബുലൻസ് ഷെഡ്, കാത്തിരിപ്പ് സ്ഥലം, പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മുറി എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചത്.
ഫ്രീസറും കേടായ നിലയിൽ
കേടായ മോർച്ചറി യൂനിറ്റിന്റെ തകരാർ ഇതുവരെ പരിഹരിച്ചിട്ടില്ല. മാർച്ച് 28ന് ആശുപത്രി മോർച്ചറിയിലെ കേടായ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലെ രണ്ട് ജീവനക്കാർ നടപടിയും നേരിട്ടിരുന്നു.നിലവിൽ എട്ടു ഫ്രീസറുകളിൽ നാലെണ്ണമാണ് പ്രവർത്തിക്കുന്നത്. തകരാർ പരിഹരിക്കാൻ നടപടികൾ നടന്നുവരുകയാണെന്നും ഉടൻ പ്രവർത്തനയോഗ്യമാക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

