ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ഇടതു സർക്കാർ തകർത്തു -സൈദ് എം. താജു
text_fieldsകാഞ്ഞിരപ്പള്ളി: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ഇടതു സർക്കാർ തകർത്തുവെന്ന് കെ.എസ്.യു കോട്ടയം ജില്ല ജനറൽ സെക്രട്ടറി സൈദ് എം. താജു. ഇടതു സർക്കാറിന്റെ ദുർഭരണത്തിനും അവകാശലംഘനത്തിനുമെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലിം നയിക്കുന്ന ദക്ഷിണ മേഖല 'ജീവിത സമരയാത്ര'ക്ക് കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നൽകിയ സ്വീകരണത്തിൽ അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലൂടെയാണ് കേരളത്തിലെ ജനങ്ങൾ കടന്നു പോകുന്നതെന്നും സൈദ് ചൂണ്ടികാട്ടി.
ചരിത്രത്തിൽ ആദ്യമായി വിരമിച്ച സർക്കാർ ജീവനക്കാർ പോലും സമര രംഗത്ത് അണിനിരക്കുകയാണ്. കേരളത്തിന്റെ അഭിമാനമായിരുന്ന രണ്ട് മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം ഇന്ന് വൻ തകർച്ചയിലാണ്. വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ രംഗത്തെപറ്റി ഒരു ധാരണയുമില്ലാത്ത ആരോഗ്യ മന്ത്രിയുമാണ് ഇതിന് പ്രധാന കാരണം. പാലക്കാട്, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളുടെ അനാസ്ഥയും രോഗികൾക്ക് ഉണ്ടായ ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ രംഗത്തേക്ക് കോളജുകൾ കാലിയാകുന്ന അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. കേരളത്തിൽ നിന്ന് വിദ്യാർഥികൾ അയൽ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ഒഴുകികൊണ്ടിരിക്കുന്നത് ഒരു യാഥാർഥ്യമാണ്. കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് തൊഴിലില്ല എന്നതാണ് പ്രധാന കാരണം. ഇതിനെല്ലാം പരിഹാരമായി ജൂൺ മാസത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഒരു സർക്കാർ ഉണ്ടാകുമെന്നും ആ സർക്കാർ തകർച്ചയിൽ നിന്ന് കേരളത്തെയും പൊതുമേഖലയെയും വീണ്ടെടുക്കുമെന്നും സൈദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

