നിരാലംബരായ രോഗികളുടെ ആശ്രയം രോഗമില്ലാത്തവരുടെ ഇടപെടൽ -ഡോ. ഇദ്രിസ്
text_fieldsതണൽ കാഞ്ഞിരപ്പള്ളി ജനറൽ ബോഡി തണൽ ചെയർമാൻ ഡോ. ഇദ്രിസ് ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞിരപ്പള്ളി: നിരാലംബരായ രോഗികൾക്ക് ആശ്രയവും പ്രതിവിധിയും രോഗം ഇല്ലാത്ത മനുഷ്യരുടെ ഇടപെടലാണെന്ന് തണൽ ചെയർമാൻ ഡോ. ഇദ്രിസ്. ജീവകാരുണ്യ - ആതുരസേവന രംഗത്ത് തണലിന്‍റെ ഇതുവരെയുള്ള ഇടപെടലുകൾ സാധ്യമായത് മാനവികതയുള്ള ഇത്തരം മനുഷ്യരിലൂടെയാണ്. തണൽ കാഞ്ഞിരപ്പള്ളിയിൽ ആരംഭിക്കുന്ന നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികൾക്കുള്ള സ്പൈൻ ആൻഡ് ന്യൂറോ റിഹാബിലിറ്റേഷൻ യൂനിറ്റ്, ജനിതക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനുളള ഏർലി ഇന്റർവേഷൻ സെന്റർ ആൻഡ് സ്പെഷൽ സ്കൂൾ, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സൈക്യാട്രിക് ക്ലിനിക്ക് എന്നിവയുടെ പ്രവർത്തനം 2026 മാർച്ചിൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നോക്കിയൻ ആട്രിയം ഓഡിറ്റോറിയത്തിൽ ചേർന്ന തണൽ കാഞ്ഞിരപ്പള്ളി ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഇദ്രിസ്.
തണൽ കാഞ്ഞിരപ്പളളി പ്രിസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്‌ലം, പി.എച്ച്. ഷാജഹാൻ, സനത് ഖാൻ, നജ്മ നജീബ്, മുഹമ്മദ് ഫത്തഹ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തണൽ ജനറൽ സെക്രട്ടറി ഇർഷാദ് കണ്ണൂർ 2026-28 കാലയളവിലെ ഭരണസമിതിയെ പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി തണൽ രക്ഷാധികാരി പി.എ. അബ്ദുൽ ഹക്കീം സമാപന പ്രഭാഷണം നടത്തി.
ചർച്ചകളിൽ പങ്കെടുത്ത് മനോജ് ജോസഫ്, ഇന്റർനാഷണൽ വോളിബാൾ താരം അബ്ദുൽ റസാഖ് പൈനാപള്ളി, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി പി.എച്ച്. നജീബ് പറപ്പള്ളി, പ്രഫ. ഷാഹുൽ ഹമീദ് പള്ളിക്കശേരി, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജോർജ് കോര, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, സാമൂഹിക പ്രവർത്തക നെഷിന എന്നിവർ സംസാരിച്ചു.
അസീം പ്രേംജി ഫൗണ്ടേഷൻ നൽകിയ രണ്ട് ഓക്സിജൻ കോൺസെൻട്രേറ്റർ പെരുവന്താനം തണൽ പാലിയേറ്റീവ് സെന്ററിന് കൈമാറി. റിയാസ് കാൾടെക്സ് സ്വാഗതവും അബുൽ ഫൈസൽ നന്ദിയും അറിയിച്ചു. ഇ.പി. ഷെഫീഖ് അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

